വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇനി ഫോണ്‍ നമ്പർ നിർബന്ധമല്ല; പുതിയ മാർഗം ഉടന്‍

ഫോണിലൂടെ വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ സ്ഥിരീകരണത്തിനായി ആറ് അക്കങ്ങളുള്ള കോഡാണ് സാധാരണയായി ഉപയോഗിക്കുന്നത്. പലപ്പോഴും നെറ്റ്‌വർക്ക് പ്രശ്നങ്ങള്‍ മൂലം കോഡ് ലഭിക്കാന്‍ താമസം വരാറുണ്ട്. ലഭിക്കാത്ത സാഹചര്യങ്ങള്‍ പോലും ഉണ്ടാകാം. ഇത് ലോഗിന്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 

ഇമെയില്‍ അഡ്രസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള സംവിധാനം വൈകാതെ തന്നെ വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചർ എപ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നതില്‍ കൃത്യമായൊരു വിവരം ലഭിച്ചിട്ടില്ല. വാട്ട്സ്ആപ്പിന്റെ ബീറ്റ വേർഷനുകളിലായിരിക്കും സവിശേഷത ആദ്യമെത്തുക.

പുതിയ അപ്ഡേറ്റില്‍ അക്കൗണ്ട് സെറ്റിങ്സ് വിഭാഗത്തില്‍ ഇമെയില്‍ അഡ്രെസ് എന്ന പുതിയ സെക്ഷന്‍ ഉണ്ടാകും. ഇമെയില്‍ അഡ്രസ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ വാട്‌സ്ആപ്പിലേക്ക് ഇമെയില്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാകും. ഈ സംവിധാനമുണ്ടെങ്കിലും കോഡ് മുഖേനയും അക്കൗണ്ടിലേക്ക് ലോഗിന്‍ സാധ്യമാണ്.

ഇമെയില്‍ ഉണ്ടെങ്കിലും വാട്‌സ്ആപ്പില്‍ അക്കൗണ്ട് തുടങ്ങാൻ ഫോണ്‍ നമ്പർ വേണം. ഇമെയില്‍ അഡ്രസ് വാട്‌സ്ആപ്പ് അക്കൗണ്ടിനൊപ്പം ചേർക്കണമെന്നത് നിർബന്ധമുള്ള കാര്യവുമല്ല. താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം ചേർത്താല്‍ മതിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*