സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം; പൊലീസ് നടപടി കടുപ്പിക്കുന്നു

സാമൂദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാകുന്നു. കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ വിവരശേഖരണത്തിലാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ഐഡി ഉപയോഗിച്ചുള്ള വിദ്വേഷം പ്രചാരണം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. സന്ദേശങ്ങളുടെയും കമന്റുകളുടെയും രൂപത്തിലാണ് പ്രചാരണം. ഇവര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സ്ആപ് തുടങ്ങിയ സമൂഹ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി. നിലമ്പൂര്‍, വണ്ടൂര്‍ സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ദിവസം പൊലീസ് വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷപ്രചാരണം നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷം പടര്‍ത്തുന്ന തരത്തിലും സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് നവംബര്‍ ഒന്നുവരെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഏറ്റവും കൂടുതല് കേസുകള് രജിസ്റ്റര് ചെയ്തത് മലപ്പുറം ജില്ലയിലാണ് – 26 എണ്ണം. എറണാകുളം സിറ്റിയില് 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര് സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല് ജില്ലകളില് ഒന്നു വീതവും കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*