വയനാട്: മുസ്ലിം ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫിൽ നിന്ന് പോകുന്നതിനേക്കാൾ ആയിരം ഇരട്ടി കാരണങ്ങൾ മുന്നണിയിൽ ഉറച്ചുനിൽക്കാനുണ്ട്. ആരെങ്കിലും മുന്നണിമാറ്റത്തിനായി വെള്ളം അടുപ്പത്തുവച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ലെന്നും തങ്ങൾ പറഞ്ഞു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് ഒരിഞ്ച് വഴിമാറാൻ ലീഗില്ല. മുന്നണി മാറാൻ ബാങ്കിന്റെ വാതിൽപ്പടി കടക്കേണ്ട കാര്യം ലീഗിനില്ല. സുൽത്താൻ ബത്തേരിയിൽ ലീഗ് നടത്തിയ ജില്ലാ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽഹമീദ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതോടെ ലീഗ് സി.പി.എമ്മുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ഏറ്റെടുത്തതിനെതിരെ ലീഗിൽ തന്നെ വലിയ അതൃപ്തിയുണ്ടായിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, എം.കെ മുനീർ തുടങ്ങിയ നേതാക്കൾ സി.പി.എം ബന്ധത്തെ ശക്തമായി എതിർക്കുന്നവരാണ്. നേതാക്കൾക്കിടയിൽ തന്നെ അസ്വാരസ്യങ്ങൾ പരസ്യമായ സാഹചര്യത്തിലാണ് മുന്നണി മാറ്റമെന്ന പ്രചാരണങ്ങൾ പൂർണമായും തള്ളി സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കിയത്.
Be the first to comment