
പാലാ: മീനച്ചിലാറിന്റെ തീരങ്ങളിൽ കലയുടെ ഈണങ്ങളുണർത്തി റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തിരിതെളിയും. ഇനിയുള്ള നാല് നാളുകൾ കൗമാരങ്ങളുടെ സർഗവസന്തങ്ങൾ ആസ്വദിച്ച് പാലാ കണ്ണിമ ചിമ്മാതെ കൂട്ടിരിക്കും. മുഖ്യവേദിയായ പാലാ സെന്റ് തോമസ് എച്ച്എസ്എസിൽ ബുധൻ രാവിലെ പത്തിന് ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി മേള ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ സന്ദേശം നൽകും. 1
3 ഉപജില്ലകളിൽ നിന്നായി ഒമ്പതിനായിരത്തോളം പ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുക. കൗമാര കലാ പ്രതിഭകളുടെ സർഗ്ഗാത്മക വാസനകൾ മാറ്റുരയ്ക്കുന്ന കലോത്സവം 22 മുതൽ 25 വരെയാണ്. സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കും. ഒമ്പത് കേന്ദ്രങ്ങളിലായി 23 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 318 ഇനങ്ങളിലാകും മത്സരങ്ങൾ. ആദ്യ ദിനത്തിൽ കാണികൾക്കായി കലയുടെ പുതിയ വാതായനങ്ങൾ തുറന്ന് അറബനമുട്ട്, ദഫ്മുട്ട്, കോൽക്കളി തുടങ്ങിയ ഗ്ലാമർ ഇനങ്ങൾ അരങ്ങേറും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്യും.
Be the first to comment