വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് ഇന്ന് കൊടി കയറും. വെള്ളിയാഴ്ച രാവിലെ 8.45 നും 9.05 നും ഇടയിലാണ് കൊടി കയറുക. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ദേവസ്വം കമ്മിഷണര്‍ ബിഎസ് പ്രകാശ് കെടാവിളക്കിലും സിനിമാ താരം രമ്യാ നമ്പീശന്‍ കലാമണ്ഡപത്തിലും ദീപം തെളിയിക്കും.
രാത്രി ഒന്‍പതിനാണ് കൊടിപ്പുറത്ത് വിളക്ക് നടക്കുക. ഡിസംബര്‍ അഞ്ചിന് രാവിലെ 4.30 നാണ് വൈക്കത്തഷ്ടമി ദര്‍ശനം നടക്കുക. ആറിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഡിസംബര്‍ ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകള്‍ ഉണ്ടാകുക. അഷ്ടമിയുടെ കോപ്പു തൂക്കല്‍ നവംബര്‍ 21 നും കൊടിയേറ്റ് അറിയിപ്പ്, സംയുക്ത എന്‍എസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന കുലവാഴ പുറപ്പാട് എന്നിവ 23 നും നടക്കും. കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന സന്ധ്യ വേല ഒക്‌ടോബര്‍ 19ന് ആരംഭിച്ചിരുന്നു.
കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തില്‍ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേര് സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയില്‍ പങ്കുചേര്‍ന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തില്‍വച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമി എഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്.
Be the first to comment