ഓൺലൈൻ തട്ടിപ്പ് തടയാൻ യുപിഐയിൽ പുതിയ നിയന്ത്രണവുമായി കേന്ദ്രം

രാജ്യത്ത് വർധിച്ചുവരുന്ന ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ടു വ്യക്തികൾക്ക് ഇടയിൽ ആദ്യമായി നടക്കുന്ന ഓൺലൈൻ പേയ്‌മെന്റ് നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കിൽ പണം ട്രാൻസ്ഫർ ആകുന്നതിന് സമയപരിധി നിശ്ചയിക്കാനാണ് സർക്കാർ പദ്ധതിയിരുന്നത്. 2000 രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകൾക്ക് നാല് മണിക്കൂർ എന്ന പരിധി നിശ്ചയിക്കാനാണ് ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്.

തീരുമാനം പ്രാബല്യത്തിലായാൽ, ആദ്യമായി ഒരാൾക്ക് പണമയയ്ക്കുന്നത് 2000 രൂപയിൽ കൂടുതലാണെങ്കിൽ ആ പണം അയാൾക്ക് ലഭിക്കാൻ നാല് മണിക്കൂർ സമയമെടുക്കും. അതിനിടയിൽ പേയ്‌മെന്റ് പിൻവലിക്കാനോ മാറ്റങ്ങൾ വരുത്താനോ പണമയയ്ക്കുന്ന ആൾക്ക് സാധിക്കും.

ഡിജിറ്റൽ പേയ്‌മെന്റുകളെ മോശമായി ബാധിക്കുമെങ്കിലും സൈബർ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് വഴിയെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. ഐഎംപിഎസ്, ആർടിജിഎസ്, യുപിഐ എന്നിങ്ങനെയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്കാകും നിയന്ത്രണം ബാധകമാകുക.

ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ നേരിടാൻ ആവശ്യമായ സൈബർ സുരക്ഷാ നടപടികൾ കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ പൊതു-സ്വകാര്യ മേഖലാ ബാങ്കുകൾ, ഗൂഗിൾ, റേസർപേ എന്നിവരുമായി ചൊവ്വാഴ്ച ചർച്ച നടത്തും. ഈ യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാകുക.

Be the first to comment

Leave a Reply

Your email address will not be published.


*