
കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു. സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് നാളത്തെ യോഗം മാറ്റിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അദ്ദേഹത്തിന്റെ വസതിയില്‍ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.
ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് യോഗം മാറ്റിയത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അറിയിച്ചിരുന്നു. ചെന്നൈയിലെ പ്രളയത്തിന്റെ സാചഹചര്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് മുന്നണി യോഗം മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഞായറാഴ്ച കോണ്‍ഗ്രസ് മുന്നണി യോഗം വിളിച്ചത്. മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും പകരം മുതിര്‍ന്ന നേതാക്കളെ അയയ്ക്കാമെന്നുമായിരുന്നു നിതീഷിന്റെ നിലപാടെന്നാണ് സൂചന.
യോഗം വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. ഈ ആഴ്ച തനിക്ക് പശ്ചിമ ബംഗാളില്‍ മറ്റു പരിപാടികളുണ്ടെന്നും നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പങ്കെടുത്തേനെയെന്നുമായിരുന്നു മമതയുടെ പ്രതികരണം. രാജസ്ഥാനിലും മധ്യപ്രദേശിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. സഖ്യമായി മത്സരിച്ചിരുന്നെങ്കില്‍ കനത്ത തോല്‍വി ഒഴിവാക്കാമായിരുന്നുവെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.
Be the first to comment