ആരാധനക്രമ തർക്കത്തിൽ സിറോ മലബാർ സഭയിൽ വൻ അഴിച്ചുപണി നടത്തി വത്തിക്കാൻ. സഭാ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സഭാ നേതൃത്വത്തിനെതിരെ കടുത്ത നടപടി സ്വീകരിച്ച വത്തിക്കാൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.
എറണാകുളം – അങ്കമാലി അതിരൂപതയിൽ പൊന്തിഫിക്കൽ ഡെലിഗേറ്റ് ആക്രമിക്കപ്പെട്ടിട്ട് സിറോ മലബാർ സഭ എന്തു ചെയ്തെന്ന് വത്തിക്കാൻ ചോദിച്ചു. പരമാവധി സമയം നൽകിയിട്ടും എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി പരിഹരിക്കാൻ സഭാ നേതൃത്വത്തിന് കഴിഞ്ഞില്ലന്ന് വത്തിക്കാൻ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കർദിനാൾ ജോർജ് ആലഞ്ചേരിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. ആലഞ്ചേരിയുടെ രാജി ജനുവരിയിലെ ശൈത്യകാല സിനഡിന് മുൻപ് വേണമെന്നാണ് വത്തിക്കാൻ നിർദേശം.
സഭയുടെ ദൈനംദിന ഭരണച്ചുമതല കൂരിയ ബിഷപ്പിന് കൈമാറാൻ പൗരസ്ത്യ തിരുസംഘത്തിന്റെ നിർദേശം നൽകി. ജനുവരിയിലെ സിനഡ് വരെ സഭാ ഭരണം പൊന്തിഫിക്കൽ ഡെലിഗേറ്റ് നിർവഹിക്കുമെന്നാണ് സൂചന. ഡിസംബർ 20ന് മുൻപ് കേരളത്തിലെത്തുന്ന എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസ്, സിറോ മലബാർ സഭയുടെ മുഴുവൻ ചുമതലയുള്ള പൊന്തിഫിക്കൽ ഡെലിഗേറ്റാകാനാണ് സാധ്യത.
എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിന്സ്ട്രേറ്റർ സ്ഥാനത്തുനിന്ന് ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിനെ വത്തിക്കാൻ ഒഴിവാക്കി. താഴത്തിലിന്റെ രാജി സ്വീകരിച്ചാണ് വത്തിക്കാന്റെ നടപടി.
എറണാകുളത്ത് എന്ത് പ്രശ്ന പരിഹാരം കാണാൻ കഴിഞ്ഞെന്ന് ആൻഡ്രൂസ് താഴത്തിനോട് കഴിഞ്ഞദിവസം വത്തിക്കാൻ ചോദിച്ചിരുന്നു. ഫാ. ജിമ്മി പൂച്ചക്കാട്ട് എറണാകുളം – അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്റർ ആയേക്കും.
ഇതിനിടെ സിറോ മലബാർ സഭാ പ്രശ്നം കെ സി ബി സിയിലും തർക്കത്തിന് കാരണമായി. വ്യക്തിസഭയുടെ പ്രശ്നമായി മാത്രം ഈ വിഷയം ഇനി പരിഗണിക്കാനാകില്ലന്ന് കെ സി ബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക സഭ തലവനുമായ കർദിനാൾ ക്ലിമ്മീസ് കാതോലിക്ക ബാവ കെ സി ബി സിയിൽ പറഞ്ഞു. എന്നാൽ ഇതിനെ എതിർത്ത് ആർച്ച് ബിഷപ്പ് ആഡ്രൂസ് താഴത്ത് സംസാരിച്ചു. സ്ഥലത്തുണ്ടായിട്ടും മൂന്നു ദിവസത്തെ കെ സി ബി സി യോഗത്തിൽ പങ്കെടുക്കാതെ കർദിനാൾ ആലഞ്ചേരി വിട്ടുനിന്നു.
Be the first to comment