ഒരു കിലോ റബറിന് 250 രൂപ ഉറപ്പുവരുത്തിയാൽ എൽഡിഎഫിന് വോട്ട് ചെയ്യാൻ തയ്യാറാണെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. 250 രൂപ വില എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കിയാൽ നവ കേരള സദസ്സ് ഐതിഹാസികമാകുമെന്നും അല്ലാത്തപക്ഷം യാത്ര തിരുവനന്തപുരത്ത് എത്തിയാലും ഒരു ചുക്കും സംഭവിക്കില്ലെന്നും പാംപ്ലാനി പറഞ്ഞു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ അതിജീവന യാത്രയിലാണ് ബിഷപ്പിന്റെ പ്രസ്താവന.
നേരത്തെ 300 രൂപ റബറിന് നൽകിയാൽ കേന്ദ്രത്തിന് ഒപ്പം നിൽക്കുമെന്നും ബിജെപിക്ക് കേരളത്തിൽ നിന്നും ഒരു എംഎൽഎയെ കിട്ടുമെന്നുമുളള ബിഷപ്പിന്റെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കുമെന്നായിരുന്നു മുമ്പ് പാംപ്ലാനി പറഞ്ഞത്. കർഷകരുടെ പ്രശ്നം പരിഹരിച്ചാൽ എംപിയില്ലെന്ന വിഷമം കർഷകർ പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ല. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
Be the first to comment