അതിരമ്പുഴയ്ക്ക് ആവേശമായി പൊക്കം കുറഞ്ഞവരുടെ ഫുട്ബോൾ മത്സരം; അതിരമ്പുഴ പള്ളി ടീമിന് യെൻസിയൻ കപ്പ്

അതിരമ്പുഴ: യെൻസ് ടൈംസ് സംഘടിപ്പിച്ച യെൻസിയൻ 2K23 കപ്പിനായുള്ള പൊക്കം കുറഞ്ഞവരുടെ സൗഹൃദ ഫുട്ബോൾ മത്സരം അതിരമ്പുഴയ്ക്ക് ആവേശമായി. അത്ഭുത ദീപ് സിനിമയിൽ വേഷമിട്ടവർ അടങ്ങുന്ന പൊക്കം കുറഞ്ഞവരുടെ ഇന്ത്യയിലെ ഏക സ്പോർട്സ് ക്ലബായ ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബിലെ താരങ്ങൾ അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ടീമുമായും അതിരമ്പുഴ പള്ളിയുടെ ടീമുമായും ഏറ്റുമുട്ടി.

ഉയരം കൂടിയവരെ നേരിടുന്ന ഉയരം കുറഞ്ഞവരുടെ കായികതന്ത്രങ്ങൾ കാണാൻ നിരവധിയാളുകളാണ് അതിരമ്പുഴ സെൻ്റ് അലോഷ്യസ് സ്ക്കൂൾ ഗ്രൗണ്ടിലെത്തിയത്. ആദ്യ മത്സരത്തിൽ അതിരമ്പുഴ പള്ളിയുടെ ടീമായ – സ്റ്റാർ ബ്രോസ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ് എ ടീമിനെ 2 നെതിരെ 5 ഗോളുകൾക്ക് പരാജയപ്പെടുത്തിരണ്ടാമത്തെ മത്സരത്തിൽ ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബിലെ താരങ്ങൾ അതിരമ്പുഴ ഗ്രാമപഞ്ചായത്തങ്ങളെ 2-1 ന് പരാജയപ്പെടുത്തി. തുടർന്ന് വിജയികൾ തമ്മിൽ നടന്ന ഫൈനലിൽ 3 -1 ന് സ്റ്റാർ ബ്രോസ് യെൻസിയൻ 2K23 കപ്പ് നേടി.

മത്സരം അതിരമ്പുഴ പള്ളി വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ അദ്ധ്യക്ഷനായിരിന്നു. പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു വിശിഷ്ട അതിഥിയായി പങ്കെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് കെ. പി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് കുര്യൻ, ഗ്രാമപഞ്ചായത്തംഗം ജോസ് അമ്പലകുളം, ഷൈജു തെക്കുംചേരി, യെൻസ് ടൈംസ് എം. ഡി നൈബിൻ കുന്നേൽ ജോസ്, ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ് സ്ഥാപകൻ റാഷിദ് ബിൻ ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വയലിനിസ്റ്റ് ജോമോൻ അവതരിപ്പിച്ച വയലിൻ സോളോയും ഉണ്ടായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*