പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 71 കോടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചത്‌. നവംബർ മുതൽ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ വിതരണത്തിന്‌ ആവശ്യമായ തുക സർക്കാർ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്‌. 

ഒമ്പത്‌ മാസത്തിനുള്ളിൽ 1335 കോടി രൂപയാണ്‌ കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌ 900 കോടി രൂപയാണ്. രണ്ടാം പിണറായി സർക്കാർ 5034 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌. ഒന്നാം പിണറായി സർക്കാർ 4936 കോടി രൂപ നൽകിയിരുന്നു. മുൻ യുഡിഎഫ്‌ സർക്കാർ കെഎസ്ആർടിസിക്ക് അഞ്ചുവർഷം കൊണ്ട് നൽകിയത് 1543 കോടി രൂപയായിരുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*