രാജ്യത്ത് തന്നെ ആദ്യം; ‘കെ സ്മാർട്ട്’ ജനുവരി 1 മുതൽ

ജനന-മരണ രജിസ്ട്രേഷന്‍, തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാവുന്ന ‘കെ സ്മാർട്ട്’ എന്ന സംയോജിത സോഫ്റ്റ്‌വെയര്‍ ജനുവരി 1 മുതൽ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പ്രവര്‍ത്തനമാരംഭിക്കും. 

രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന സംവിധാനം നിലവിൽ വരുന്നത്. അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ ബില്‍ഡിങ് പെര്‍മിറ്റുകള്‍ ഓൺലൈനായി ലഭ്യമാവും. സര്‍ട്ടിഫിക്കറ്റുകള്‍ ഇമെയ്‌ലായും വാട്സപ്പിലൂടെയും കിട്ടും. എവിടെ നിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് സംരംഭകർക്ക് ലൈസന്‍സ് സ്വന്തമാക്കി വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പര്‍ ലഭിക്കുക, കെട്ടിട നികുതി അടക്കുക തുടങ്ങിയവ ഓണ്‍ലൈനായിരിക്കും. പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ-സ്മാർട്ടിലുണ്ട്. തദ്ദേശ ഭരണ സംവിധാന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓ‍ഡിറ്റ് സംവിധാനം ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാ പനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടും.

ഈ സൗകര്യങ്ങള്‍ എല്ലാം തന്നെ ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. എല്ലാ സേവനങ്ങളും സ്മാർട്ട് ഫോൺ മുഖേന നേടാനാവും. ആദ്യം നഗരങ്ങളില്‍ നടപ്പാകുന്ന കെ-സ്മാര്‍ട്ട്, ഏപ്രില്‍ 1 മുതല്‍ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*