ഇന്ന് ആരിഫും ചാഴിക്കാടനും; പാര്‍ലമെന്റില്‍ നിന്ന് സസ്പന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 143 ആയി

പാര്‍ലമെന്റില്‍ സഭാ നടപടികള്‍ തടസപ്പെടുത്തിയ സംഭവത്തില്‍ രണ്ട് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനെയും എഎം ആരിഫിനെയുമാണ് ഇന്ന് സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് സ്പീക്കര്‍ നടപടിയെടുത്തത്.

ഇതോടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം 143 ആയി. നടപടി നേരിട്ടവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ എംപിമാര്‍ക്ക് എതിരായ നടപടി തുടരുന്ന സാഹചര്യത്തില്‍, വിഷയം പരിഗണിക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് ഇന്നലെ കത്തയച്ചിരുന്നു. സഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാത്ത എംപിമാരേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, എംപിമാരായ പ്രമോദ് തിവാരി, ജയ്റാം രമേഷ്, കെ സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും സമാജ്വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവും ഡിഎംകെയിലെ ടിആര്‍ ബാലു, ദയാനിധി മാരന്‍, ടിഎംസിയിലെ സൗഗത റോയ് എന്നിവരുള്‍പ്പടെയുള്ളവര്‍ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെ പ്രത്യേകാവകാശ സമിതി റിപ്പോര്‍ട്ട് വരുന്നത് വരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ മൂന്ന് പേരും മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*