വൈഗ കൊലക്കേസില്‍ വിധി ഇന്ന്; എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക

പത്ത് വയസുകാരിയായ മകള്‍ വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മുട്ടാര്‍ പുഴയില്‍ താഴ്ത്തിയ കേസില്‍ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക.

2021 മാര്‍ച്ച് 22നാണ് വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍വച്ച് പിതാവ് സനു മോഹന്‍ മകള്‍ വൈഗയ്ക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി കഴുത്തില്‍ ബെഡ് ഷീറ്റുകൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നാണ് കേസ്.

കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വൈഗയെ കൊലപ്പെടുത്തി സനു മോഹനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് കൊലപാതകത്തിനുശേഷം പ്രതി നാടുവിട്ടതായി വ്യക്തമായി.

ഒരു മാസത്തിനുശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് സനു മോഹന്‍ പിടിയിലാകുന്നത്. കൊലപാതകം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ എക പ്രതി സനു മോഹനാണ്. 78 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 1200പേജുള്ള കുറ്റപത്രത്തില്‍ 300 സാക്ഷിമൊഴികളാണുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്.

സനു മോഹനെതിരെ മഹാരാഷ്ട്രയില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുണ്ടായിരുന്നു. കടബാധ്യതകളുള്ള സനു മോഹന്‍ ഏറെക്കാലം ഒളിവില്‍ കഴിയാന്‍ തീരുമാനിച്ചിരുന്നെന്നും ഈ സമയം മകളെ മറ്റാരും നോക്കില്ലെന്ന് കരുതിയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് മൊഴി.

Be the first to comment

Leave a Reply

Your email address will not be published.


*