തുടർച്ചയായ വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്കാന് യുഎസ് തീരുമാനം. വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍, അടിയന്തര ആവശ്യം പരിഗണിച്ച് അംഗീകാരത്തിന് കാത്തുനില്‍ക്കാതെ യുഎസ് ശേഖരത്തില്‍ നിന്നുതന്നെ ആയുധങ്ങള്‍ നല്‍കിയിരിക്കുകയാണ് ബൈഡന് ഭരണകൂടം.
മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ബൈഡന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രയേലിന് യഥേഷ്ടം ആയുധങ്ങള്‍ നല്‍കുകയാണ് അമേരിക്ക. ഡിസംബര്‍ ഒന്‍പതിന് 10.6 കോടി ഡോളര്‍ വിലവരുന്ന 14,000 ടാങ്ക് ഷെല്ലുകള്‍ നല്കാന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അംഗീകാരം നല്‍കിയിരുന്നു. ഈ ഷെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട ഫ്യൂസുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങളാണു പുതുതായി നല്‍കുന്നത്. 14.7 കോടി ഡോളറിന്റെ ഇടപാടാണിത്.
ഇസ്രയേലിന്റെ സുരക്ഷ അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണെന്നും സ്വയം പ്രതിരോധിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും അമേരിക്കന്‍ പ്രതിരോധ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Be the first to comment