സിറാജിന് ആറ് വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ 55 റണ്‍സിലൊതുക്കി ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് 55 റണ്‍സില്‍ അവസാനിച്ചു. 15 റണ്‍സെടുത്ത കൈല്‍ വെറെയ്‌നാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ട് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്.

നാലാം ഓവറില്‍ എയ്ഡന്‍ മാർക്രത്തെ (2) യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചായിരുന്നു സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അവസാന ടെസ്റ്റിനിറങ്ങിയ ഡീന്‍ എല്‍ഗർ (4), ടോണി ഡി സോർസി (2), ഡേവിഡ് ബെഡിംങ്ഹാം (12), കൈല്‍ വെറെയ്‌ന്‍, മാർക്കൊ യാന്‍സണ്‍ (0) എന്നിവരാണ് സിറാജിന് മുന്നില്‍ കീഴടങ്ങിയത്. ഒന്‍പത് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് സിറാജ് ആറു വിക്കറ്റെടുത്തത്.

ജസ്പ്രിത് ബുംറയും മുകേഷ് കുമാറുമാണ മറ്റ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (3), നന്ദ്രെ ബെർഗർ (4) എന്നിവരെയാണ് ബുംറ പറഞ്ഞയച്ചത്. കഗീസൊ റബാഡ (5), കേശവ് മഹരാജ് (3) എന്നിവർ മുകേഷിന് വിക്കറ്റ് നല്‍കി മടങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*