‘ഇനി സൂര്യനിലേക്ക്’; ആദിത്യ എൽ 1 ഇന്ന് ഹാലോ ഓർബിറ്റിൽ പ്രവേശിക്കും

126 ദിവസത്തെ  യാത്ര ഒടുവിൽ ലക്ഷ്യ സ്ഥാനത്തേക്ക്. രാജ്യത്തിന്റെ പ്രഥമ സൗര ദൗത്യ പേടകമായ  ആദിത്യ എൽ -1 മുൻ നിശ്ചയിച്ച  പ്രകാരം ലഗ്രാൻഞ്ച്  ഒന്ന് എന്ന ബിന്ദുവിലേക്കെത്തുന്നു. പേടകത്തെ ഭൂമിയിൽ നിന്ന് നിയന്ത്രിക്കുന്ന  ബംഗളൂരുവിലെ ഐ എസ് ആർ ഒ ആസ്ഥാനത്ത് വൈകിട്ട് നാലുമണിക്കാണ്  അവസാന ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നടത്തുക. ഇതോടെ പേടകം ലഗ്രാൻഞ്ച്  ഒന്നിന് ചുറ്റുമുള്ള ഭ്രമണ പഥമായ ഹാലോ ഓർബിറ്റിലേക്കു പ്രവേശിക്കും.

കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനായിരുന്നു ആദിത്യ എൽ -1 ഭൂമിയിൽ നിന്ന് യാത്ര തിരിച്ചത്. ശ്രീഹരികോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയുടെ ഭ്രമണപഥം കടന്ന് നിർണായക ഘട്ടങ്ങൾ  താണ്ടിയും സൂര്യനിലേക്കുള്ള വഴിയിലെ അന്തരീക്ഷത്തെ കുറിച്ചും ഭൗമ-സൗര വികിരണങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിച്ചുമായിരുന്നു പേടകത്തിന്റെ പ്രയാണം.

ഗ്രാൻഞ്ച് ഒന്ന് എന്ന ബിന്ദുവിൽ നിന്ന്  ഒരു ആകാശഗോളത്തിന്റെയും  മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും  പേടകത്തിന് സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാൻഞ്ച് ഒന്ന് എന്ന ഭാഗം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ -1  ഈ ബിന്ദുവിൽ എത്തിച്ചേർന്നിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യ ഭാഗത്തെ താപ വ്യതിയാനം സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്പിയർ, പുറത്തെ പാളിയായ കൊറോണ എന്നിവയെ  കുറിച്ചാണ്  ആദിത്യ എൽ -1  പഠിക്കുക. പേടകത്തിൽ പഠനത്തിനായി  ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 7 പേലോഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇതിൽ നാലെണ്ണം സൂര്യനെ കുറിച്ചും  മൂന്നെണ്ണം ലഗ്രാഞ്ച്  -1 എന്ന ബിന്ദുവിന്റെ  സവിശേഷതകളെ കുറിച്ചും പഠിക്കും. പേടകത്തിലെ രണ്ടു പേലോഡുകൾ  യാത്രാ മദ്ധ്യേ പ്രവർത്തിക്കുകയും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു .സോളാർ അൾട്രാ വയലറ്റ് ഇമേജിങ് ടെലെസ്കോപും സോളാർ വിൻഡ് അയേൺ സ്പെക്ട്രോ മീറ്ററുമാണ്  ഭൗമ – സൗര അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും  വികിരണങ്ങളെ കുറിച്ചും വിവരങ്ങൾ നൽകിയത്. ലഗ്രാൻഞ്ച്  ഒന്നിൽ എത്തുന്നതോടെ മറ്റു അഞ്ചു  പേ ലോഡുകൾ കൂടി  കാര്യക്ഷമമാകും.

ഹാലോ ഓർബിറ്റിൽ ഇന്ന് പ്രവേശിക്കുന്ന  പേടകത്തെ പഠനത്തിനായും വിവര ശേഖരണത്തിനായും  ഭ്രമണപഥത്തിൽ നിശ്ചിത ഇടത്തു ഉറപ്പിക്കുക (പാർക്കിംഗ്) എന്നതാണ്  ഐ എസ് ആർ ഒയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി . സൂര്യനും ഭൂമിയും അവരവരുടെ കേന്ദ്രത്തിലേക്ക് ആദിത്യ ദൗത്യ പേടകത്തെ പിടിച്ചു വലിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന മേഖലയാണ് ലഗ്രാൻഞ്ച്  ഒന്ന്.  ലിക്വിഡ് അപ്പോജി മോട്ടോർ ജ്വലിപ്പിച്ചു ഇന്ധനം ഉണ്ടാക്കി വേണം ഭ്രമണപഥം ഉയർത്തി പേടകത്തെ സ്ഥിരമായി ഒരിടത്തു പ്രതിഷ്ഠിക്കാൻ. തുടർച്ചയായുള്ള നിരീക്ഷണവും ഭ്രമണപഥം ക്രമീകരിക്കലും അനിവാര്യമാണ്. നാസയുടെ സൗര ദൗത്യ പേടകമായ വിൻഡ്, എ സി ഇ, ഡിസ്കവർ , യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയും നാസയും ചേർന്ന് വിക്ഷേപിച്ച സൊഹോ എന്ന പേടകവും ഇതേ ലഗ്രാൻഞ്ച് ഒന്നിൽ  ചുറ്റി തിരിയുന്നുണ്ട്.

പേടകങ്ങൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാനും  ഇടിച്ചു തകരാതിരിക്കാനും ഇടയ്ക്കിടെ ആദിത്യ എൽ ഒന്നിനെ വഴിതിരിച്ചു വിടേണ്ടിയും വരും. പരിക്രമണ പാത നിരന്തരം’ ട്രാക്ക് ‘ ചെയ്യുന്നതിന് നാസയും ഐ എസ് ആർ ഒയെ ഒരു കൈ സഹായിക്കും. ആറ്റിറ്റ്യുഡ് ആൻഡ് ഓർബിറ്റ് കൺട്രോൾ സിസ്റ്റമാണ് പേടകത്തിന്റെ സഞ്ചാരപാത ക്രമീകരിക്കുന്നത്. ഇതിനായി പേടകത്തിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഭൂമിയിൽ നിന്ന് പേടകത്തിന്റെ പ്രവേഗം, സ്ഥാനം എന്നിവ പുനഃക്രമീകരിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിയും. ഹാലോ ഓർബിറ്റിൽ  ഇന്ന്  പ്രവേശിക്കുന്ന ആദിത്യ എൽ -1 ഒരുമാസമെങ്കിലും എടുത്താകും കൃത്യമായ സ്ഥാനം  ഉറപ്പിച്ചു   പര്യവേഷണം  തുടങ്ങുക. കൃത്യമായ ബിന്ദുവിൽ എത്തിക്കഴിഞ്ഞാൽ ഗ്രഹണങ്ങൾ ഒന്നും ബാധിക്കാതെ ദൗത്യ പേടകത്തിന്  ജോലി തുടരാം.

Be the first to comment

Leave a Reply

Your email address will not be published.


*