ന്യൂഡൽഹി: രാജ്യാന്തര ഇ- സിം സേവനം നൽകുന്ന രണ്ടു ഇ- സിം ആപ്പുകൾ നീക്കം ചെയ്ത് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും. കേന്ദ്രസർക്കാർ ഉത്തരവിനെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നുമാണ് ആപ്പുകൾ നീക്കം ചെയ്തത്. സൈബർ തട്ടിപ്പ് തടയാൻ Airalo, Holafly ആപ്പുകൾ നീക്കം ചെയ്യാനാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശിച്ചത്. ഇതിന് പുറമേ ഈ രണ്ടു ആപ്പുകളുടെ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരോടും ടെലികോം കമ്പനികളോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോളതലത്തിൽ വിവിധ പ്രദേശങ്ങളിൽ ഇ-സിം എനേബിളിങ് ടെലികോം സേവനം നൽകുന്ന ആപ്പുകളാണിവ. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ നടത്താനും നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കാനും അന്താരാഷ്ട്ര ഫോൺ നമ്പറുകളിലുള്ള അനധികൃത ഇ-സിമ്മുകൾ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതായി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
ഫിസിക്കൽ സിം കാർഡ് ആവശ്യമില്ലാതെ തന്നെ വോയ്സ് കോളിങ്ങിനും ഇന്റർനെറ്റ് ഡാറ്റ പാക്കുകൾക്കുമായി ഡിജിറ്റൽ സിം കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സേവനമാണ് ഇ- സിം. മറ്റു ഇ- സിം പ്രൊവൈഡർമാർക്ക് സേവനം തുടരുന്നതിൽ തടസ്സമില്ല.
Be the first to comment