തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി സെപ്റ്റംബറിൽ പാസ്സാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർക്കെതിരായ ഇടത് പ്രതിഷേധത്തിന്‍റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്.
അതേസമയം ബില്ലിൻറെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം. 64 ലെ സുപ്രധാനമായ ഭൂമി പതിവ് നിയമത്തിൽ നിർണ്ണായക ഭേദഗതി കൊണ്ടുവന്നാണ് നിയമസഭ ബിൽ പാസ്സാക്കിയത്. പട്ടയഭൂമി കൃഷിക്കും വീട് വെക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥ മാറാനായിരുന്നു ബിൽ.
പട്ടയഭൂമിയിൽ വർഷങ്ങളായുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് നിയമസാധുത നൽകണമെന്ന കർഷകരുടെ ആവശ്യത്തോട് ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷത്തിനും യോജിപ്പായിരുന്നു. പ്രശ്നത്തിൽ നിയമസഭയിൽ ഏറ്റവും അധികം സബ് മിഷൻ കൊണ്ടുവന്നതും പ്രതിപക്ഷ എംഎൽഎമാർ. പല ബില്ലുകളെയും അതിശക്തമായി എതിർത്ത പ്രതിപക്ഷം ഇതിന് കൈകൊടുത്തപ്പോൾ ക്രമവൽക്കരണത്തിന് ഫീസ് പാടില്ലെന്ന് മാത്രമാണ് ആകെ ആവശ്യപ്പെട്ടത്.
Be the first to comment