ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. മലയാളി കാലങ്ങളായി ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ആ ശബ്ദം കേട്ട്. നമ്മുടെ പ്രണയത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലുമെല്ലാം ഒപ്പമുണ്ട് ആ ശബ്ദം. മനുഷ്യർ മാത്രമല്ല ഈശ്വരന്മാർക്കും ഉറങ്ങാൻ വേണം ഗന്ധർവ്വ സ്വരമാധുരി.
സംഗീത ലോകത്ത് ഇത്രയധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് എട്ട് തവണയാണ് കെ ജെ യേശുദാസ് ദേശീയ പുരസ്കാരത്തിന് അർഹനായത്. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 25 തവണ യേശുദാസിനെ തേടിയെത്തി.
അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.
1940 ജനുവരി 10-ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 70,000-ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നൽകി രാജ്യം ആദരിച്ചു.
Be the first to comment