ലേണേഴ്‌സ് പരീക്ഷയിൽ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്

ലൈസെൻസ് ലഭിക്കാനുള്ള ലേണേഴ്‌സ് പരീക്ഷയിൽ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ൽ നിന്ന് 30 ലേക്ക് ഉയർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസ്സാകുകയുള്ളു.

ഒരു ആർ ടി ഓഫീസിൽ നിന്ന് ഒരു ദിവസം 20 ലൈസൻസിലധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രായോഗിക പരീക്ഷയിൽ കൂടുതൽ നിബന്ധനകളും ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.

സ്ത്രീകളോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നു എന്ന പരാതിയെത്തുടർന്ന് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ കാമറ വയ്ക്കാനും തീരുമാനമായിട്ടുണ്ട്. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണം. പലർക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമേ ഇനി ലൈസൻസ് അനുവദിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*