
പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെതിരെ ആരോപണവുമായി ജോസ് ചീരാംകുഴി. ബിനു പുളിക്കക്കണ്ടമാണ് തന്റെ എയര്‍പോഡ് മോഷ്ടിച്ചതെന്ന് നഗരസഭ കൗണ്‍സിലിലാണ് ജോസ് ആരോപിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നും ജോസ് കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തി. മാണിഗ്രൂപ്പിലെ കൗണ്‍സിലറാണ് ജോസ് ചീരാംകുഴി. അതേസമയം ആരോപണം പോലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ ബിനു പുളിക്കക്കണ്ടം നഗരസഭ ആക്ടിങ് ചെയര്മാന് കത്ത് നല്കി.
ഇതില്‍ രാഷ്ട്രീയമില്ല. തികച്ചും വ്യക്തിപരമായ കാര്യം. എയര്‍പോഡ് എവിടെയുണ്ടെന്ന് മനസിലായിരുന്നു. തിരിച്ചുകിട്ടുമെന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്. ഒക്ടോബര്‍ നാലാം തീയതി കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ് തന്റെ എയര്‍പോഡ് നഷ്ടമായത്. ആപ്പിളിന്റെ എയര്‍പോഡായതിനാല്‍ കൃത്യമായ ലൊക്കേഷന്‍ തനിക്ക് ലഭിച്ചു. ഒക്ടോബര്‍ 11ന് എയര്‍പോഡ് ബിനു പുളിക്കക്കണ്ടത്തിലിന്റെ വീട്ടിലാണെന്ന ലൊക്കേഷന്‍ ഡേറ്റ ലഭിച്ചു. നാലാം തീയതിയാണ് ഹെഡ്സെറ്റ് കാണാതെ പോയത്. ആറാം തീയതി ബിനു തിരുവനന്തപുരത്തിന് പോയി. ആ സമയത്തും എയര്‍പോഡ് അദ്ദേഹത്തിന്റെ കൈവശമുണ്ട്. അവസാനം ലഭിച്ച ലൊക്കേഷന്‍ പ്രകാരം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് എയര്‍പോഡുള്ളത്- ജോസ് ചീരാംകുഴി പറയുന്നു.
എയര്‍പോഡ് മോഷണം പോലീസ് അന്വേഷിക്കണമെന്ന് ബിനു പുളിക്കക്കണ്ടം ആവശ്യപ്പെട്ടു. എന്നെ അറിയുന്നവരാരും ഇത് വിശ്വസിക്കില്ല. തനിക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണ്. ജോസ് കെ മാണി തരം താണ കളി കളിച്ചു. ജീവിതത്തില്‍ ഇന്നേവരെ ആപ്പിളിന്റെ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. കാലങ്ങളായി ഉപയോഗിക്കുന്നത് സാംസംങ്ങിന്റെ ഫോണാണ്. എയര്‍പോഡ് കൈയിലുള്ളവര്‍ തന്റെ വീടിന്റെ സമീപത്ത് വന്നാലും ലൊക്കേഷന്‍ കാണിക്കും. ഇപ്പോള്‍ ഇയര്‍ഫോണ്‍ കൗണ്‍സിലര്‍ ആന്റോയുടെ വീട്ടിലുണ്ട്. ഇക്കാര്യം വ്യക്തമാക്കി താന്‍ കൗണ്‍സിലിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ബിനു പറഞ്ഞു. പോലീസിന് ഈ വിവരം നല്കി എയര്‍പോഡ് കസ്റ്റഡിയിലെടുക്കണം. ജോസ് ചീരാംകുഴിയെ ചട്ടുകമാക്കി ചിലര്‍ കളിച്ചതാണ് എയര്‍പോഡ് വിവാദത്തിന് പിന്നിലെന്നും ബിനു ആരോപിച്ചു.
ബിനു എയര്‍പോഡ് തന്റെ വീട്ടില്‍ കൊണ്ടുെച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും താന്‍ എടുത്തിട്ടില്ലെന്നും ആന്റോ പ്രതികരിച്ചു.
Be the first to comment