
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തൊഴിൽമേഖലയിലെ ശത്രുക്കൾ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മനുവിന്റെ വാദം.
തന്നെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് അയച്ചാൽ താൻ പ്രോസിക്യൂട്ടറായിരുന്ന കേസിലെ പ്രതികൾ ജയിലിൽ തന്നെ ഉപദ്രവിക്കാനിടയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ സർക്കാരും പരാതിക്കാരിയും ഈ വാദങ്ങൾ എതിർത്തിരുന്നു. ഇരയായ പെണ്കുട്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യാപേക്ഷയെ എതിർത്തിരുന്നു.
താൻ ഉൾപ്പെട്ട മറ്റൊരു കേസിൽ നിയമസഹായം തേടിയാണ് അഡ്വ. മനുവിനെ സമീപിച്ചത്. പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു.
2018 ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. നിയമസഹായം നൽകാനെന്ന പേരിൽ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ് പിക്കാണ് സംഭവം സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
Be the first to comment