വിശാഖപട്ടണത്ത് ജയ്സ്വാളിന്റെ വിളയാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

വിശാഖപട്ടണം ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ആതിഥേയർ നേടിയത്. ജയ്സ്വാളും (179) രവി അശ്വിനുമാണ് (5) ക്രീസില്‍ തുടരുന്നത്. ഇംഗ്ലണ്ടിനായി ഷോയിബ് ബഷീറും റേഹാന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി.

ആക്രമണ ശൈലിക്ക് ഒരുങ്ങാതെ കരുതലോടെയായിരുന്നു രോഹിത് ശർമയും ജയ്സ്വാളും തുടങ്ങിയത്. 17 ഓവറിലധികം നീണ്ടുനിന്ന പ്രതിരോധത്തിനൊടുവില്‍ രോഹിത് (14) മടങ്ങി. പിന്നീടെത്തിയ ശുഭ്മാന്‍ ഗില്ലിനെ കൂട്ടുപിടിച്ചായിരുന്നു ജയ്സ്വാള്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. പക്ഷേ, ആദ്യ സെഷന്‍ അതിജീവിക്കാതെ ഒരിക്കല്‍ക്കൂടി നിരാശ സമ്മാനിച്ച് ഗില്‍ പുറത്തായി. 34 റണ്‍സെടുത്ത താരത്തിന്റെ വിക്കറ്റ് ജെയിംസ് ആന്‍ഡേഴ്സണിനായിരുന്നു.

ക്രീസിലെത്തുന്നവർക്ക് ജയ്സ്വാളിനെ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്ര ആധിപത്യത്തോടെയും അനായാസതയോടെയുമായിരുന്നു ജയ്സ്വാള്‍ ബാറ്റ് വീശിയത്. 151 പന്തിലായിരുന്നു ജയ്സ്വാള്‍ ആറ് ടെസ്റ്റ് മാത്രം നീണ്ട കരിയറിലെ രണ്ടാം സെഞ്ചുറി നേടിയത്. മൂന്നാം സെഷന്റെ അവസാന ഓവറുകളിലേക്ക് കടക്കുമ്പോഴാണ് ശ്രേയസിനെ (27) ഇന്ത്യയ്ക്ക് നഷ്ടമായത്.

കന്നിക്കാരന്‍ രജത് പാട്ടിദാറായിരുന്നു പിന്നീട് ജയ്സ്വാളിന് കൂട്ട്. നാലാം വിക്കറ്റില്‍ 70 റണ്‍സുകൂടി ചേർക്കാന്‍ സഖ്യത്തിനായി. 32 റണ്‍സെടുത്ത പാട്ടിദാർ റേഹാന്‍ അഹമ്മദിന്റെ പന്തില്‍ ‘നിർഭാഗ്യ’വശാല്‍ പുറത്താകുകയായിരുന്നു. പിന്നീടെത്തിയ അക്സർ പട്ടേലുമായി ചേർന്ന് 52 റണ്‍സും ജയ്സ്വാള്‍ ചേർത്തു. 225 പന്തിലാണ് ജയ്സ്വാള്‍ 150 കടന്നത്. പക്ഷേ, മൂന്നാം സെഷന്റെ അവസാനം അക്സറിന്റെ (27) വിക്കറ്റും ഇംഗ്ലണ്ട് നേടി.

ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 257 പന്തില്‍ 179 റണ്‍സെടുത്താണ് ജയ്സ്വാള്‍ പുറത്താകാതെ നില്‍ക്കുന്നത്. 17 ബൗണ്ടറികളും അഞ്ച് സിക്സറുകളും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇംഗ്ലണ്ടിനായി ഷോയിബ് ബഷീറും റേഹാന്‍ അഹമ്മദും രണ്ടും ആന്‍ഡേഴ്സണ്‍, ടോം ഹാർട്ട്ലി, എന്നിവർ ഓരോ വിക്കറ്റും നേടി.

Be the first to comment

Leave a Reply

Your email address will not be published.


*