റിസര്‍വ് ബാങ്ക് നടപടിയെത്തുടർന്ന് വന്‍ പ്രതിസന്ധി നേരിടുന്ന ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിനെ സ്വന്തമാക്കാന്‍ രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ തയാറെടുക്കുന്നു.
ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിനും ബില്‍ പേയ്മെന്റുകള്‍ നടത്തുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് നേടാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും എച്ച്ഡിഎഫ്സി ബാങ്കും അടക്കമുള്ള പ്രമുഖ ഗ്രൂപ്പുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചകളും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലാത്തതും കണക്കിലെടുത്താണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ഫാസ്ടാഗ് തുടങ്ങിയ സേവനങ്ങള്‍ നല്കുന്നതില് നിന്നും പേടിഎം പേയ്മെന്റ് ബാങ്കിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പേടിഎമ്മിന്റെ ഓഹരി വിലയില്‍ കനത്ത ഇടിവുണ്ടായി. മൂന്ന് ദിവസത്തിനുള്ളില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ 250 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ഉപയോക്താക്കളുടെ വ്യക്തമായ തിരിച്ചറിയില്‍ രേഖകളില്ലാതെയാണ് പേടിഎമ്മിന്റെ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ആരംഭിച്ചതെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു.
അടുത്ത മാസത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് പേടിഎമ്മിനെ ഏറ്റടുക്കാന്‍ എച്ച്ഡിഎഫ്സി ബാങ്ക് രംഗത്തെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ വാലറ്റ് കമ്പനിയായ പേടിഎമ്മിന് ലക്ഷക്കണക്കിന് ഉപയോക്താക്കളാണുള്ളത്. കഴിഞ്ഞദിവസം പേടിഎം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ വിജയ് ശേഖര്‍ ശര്‍മ ഇതുസംബന്ധിച്ച് എച്ച്ഡിഎഫ്സി ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് പേടിഎമ്മിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആരംഭിച്ചത്. കമ്പനിയുടെ വില സംബന്ധിച്ചും മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ കാരണവും ചര്‍ച്ച വഴിമുട്ടുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏറ്റെടുക്കല്‍ ചര്‍ച്ച പൂര്‍വാധികം ശക്തമായി ആരംഭിച്ചെന്ന് വിപണിയിലുള്ളവര്‍ പറയുന്നു. ഇതോടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില ഇന്നലെ കുതിച്ചുയര്‍ന്നു.
Be the first to comment