വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാരിന്റെ’ഭാരത്’ അരിവിൽപ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരിൽ 29 രൂപ നിരക്കിൽ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വിൽപ്പന നടത്തി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതൽ വാഹനങ്ങളിൽ വിതരണം തുടങ്ങും.
5, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ- ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്.
തൃശൂരിൽ 10 വാഹനങ്ങൾ ‘ഭാരത അരി വിതരണത്തിനായി സജ്ജമായിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നേരിട്ടുള്ള ഔട്ട്ലറ്റ്ലെറ്റ് ആരംഭിക്കാനുള്ള ചർച്ചകൾ എൻസിസിഎഫ് നേതൃത്വത്തിൽ ആരംഭിച്ചു. അടുത്തയാഴ്ചയോടെ കൂടുതൽ ലോറികളിലും വാനുകളിലും കേരളം മുഴുവൻ ഭാരത് അരി വിതരണത്തിന് തയ്യാറാകും. ഇതിലൂടെ നേരിട്ട് ഭാരത് അരി ജനങ്ങളിലേക്ക് എത്തിക്കാനാണ് എൻസിസിഎഫ് പദ്ധതിയിടുന്നത്.
Be the first to comment