തിരുവനന്തപുരം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ വൈദ്യുതി ടവറിൽ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. വീട്ടുകാരെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥി 220 കെവി ലൈൻ കടന്നുപോകുന്ന വൈദ്യതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കോലിയക്കോടിനു സമീപം കാഞ്ഞാമ്പാറ സ്വദേശിയായ വിദ്യാർഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം ഇന്നലെയാണ് വന്നത്. മാർക്ക് കുറവായതിനാൽ അമ്മ വഴക്കു പറഞ്ഞു. ഇതിൽ കുപിതനായാണ് വിദ്യാർഥി വൈദ്യുതി ടവറിൽ കയറിയത്. സ്കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ കുട്ടി സമീപത്തെ വൈദ്യുതി ടവറിന്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വീട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വെഞ്ഞാറമ്മൂടു നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് കുട്ടിയെ താഴെയിറക്കിയത്.
Be the first to comment