‘യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം, ഡ്രൈവിം​ഗ് സ്കൂളുകളുടെ താത്പര്യമല്ല’: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ.  ലോകനിലവാരത്തിലേക്ക് ഡ്രൈവിം​ഗ് ഉയർത്തുകയാണ് ലക്ഷ്യം.  യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് പറഞ്ഞ ​ഗണേഷ്കുമാർ ഡ്രൈവിം​ഗ് സ്കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. 

സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.  കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം.  പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും.  ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.

ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം.  15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.  പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.  വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡില്‍ തന്നെ നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.  ടെസ്റ്റ് കേന്ദ്രങ്ങളില്‍ തന്നെ റോഡ് ടെസ്റ്റ് നടത്തുന്നത് നിയമ വിരുദ്ധമാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നു. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണം.  ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടു വരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും.  ടെസ്റ്റും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം.  ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*