യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി;മുസ്ലീംലീഗിന് രണ്ട് സീറ്റ് തന്നെ, മൂന്നാം സീറ്റിന് പകരം രാജ്യസഭാ പ്രതിനിധി

മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ തട്ടിനിന്ന യുഡിഎഫിന്റെ കേരളത്തിലെ സീറ്റ് വിഭജനം സമവായത്തിലെത്തി.  മുസ്ലീം ലീഗ് ഇത്തവണയും രണ്ട് ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.  കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വീഡി സതീശന്‍ എന്നിവരാണ് ഇത് സംബന്ധിച്ച തീരുമാനം മാധ്യമങ്ങളോട് പങ്കുവച്ചത്.

നിലവിലെ ധാരണ പ്രകാരം മലപ്പുറം പൊന്നാനി സീറ്റുകളില്‍ മുസ്ലീം ലീഗ് മത്സരിക്കും. മൂന്നാം സീറ്റിന് പകരം കേരളത്തില്‍ അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മുസ്ലീംലീഗിന് നല്‍കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.  ഫോര്‍മുല ലീഗ് നേതൃത്വം അംഗീകരിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇതോടെ കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും.  രണ്ടെണ്ണത്തില്‍ മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ് ജോസഫ് , ആര്‍എസ്പി പാര്‍ട്ടികള്‍ ഒരോ സീറ്റിലും ജനവിധി തേടും.

അതേസമയം, സീറ്റുവിഭജനവും സ്ഥാനാര്‍ഥി പ്രഖ്യാപനവും വൈകിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.  രാജ്യത്ത് ഇതുവരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.  ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് ചില രീതികളുണ്ട്.  കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം നേടുകയാണ് പതിവ്.  നാളെ തന്നെ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചേര്‍ന്ന് നടപടികള്‍ പുര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*