ഹിമാചലില്‍ തത്കാലം പ്രതിസന്ധിയില്ല; വിക്രമാദിത്യ വഴങ്ങി, കോണ്‍ഗ്രസിന് ആശ്വാസം

ഹിമാചല്‍ പ്രദേശില്‍ തത്കാലം പ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസ് നിരീക്ഷകര്‍. ഇത് വ്യക്തമാക്കി എഐസിസി നിരീക്ഷകര്‍ ഇന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. വിമതനീക്കം നടത്തിയ എംഎല്‍എമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തീരുംവരെ മന്ത്രിസ്ഥാനത്ത് രാജിവയ്ക്കില്ലെന്ന് വിക്രമാദിത്യ സിങും വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ക്യാംപില്‍ ആശ്വാസത്തിന്റെ കാറ്റ് വീശിത്തുടങ്ങുന്നത്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, ഭുപേഷ് ബാഗേല്‍, ഭൂപേന്ദ്ര സിങ് ഹൂഡ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് പ്രശ്‌നപരിഹാരത്തിലേക്ക് വഴിതുറന്നത്. വിക്രമാദിത്യയുമായി ചര്‍ച്ച നടത്തിയ ഇവര്‍, ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നാണ് സൂചന. ഇതോടെ, ഉത്തരന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തത്കാലം തിരിച്ചടി നേരിട്ടു.

വിക്രമാദിത്യയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ്‌ സുഖു നേരത്തെ പറഞ്ഞിരുന്നു. വിക്രമാദിത്യ സിങ് തനിക്ക് സഹോദര തുല്യനാണെന്നും രാജി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സുഖുവിന്റെ പ്രതികരണം. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*