വൈക്കം: വേമ്പനാട്ട് കായലിന് കുറുകെ നേരേകടവ് – മാക്കേകടവ് പാലം പൂര്‍ത്തിയാക്കുന്നതിന് 42 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലിനും ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടെയാണ് പണം അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഒന്നര വര്‍ഷം മുമ്പാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിന് നല്‍കിയത്.
2016ന് മുമ്പ് നിലനിന്ന ഡിസൈന്‍ഡ് ടെണ്ടര്‍ സംവിധാനമാണ് നേരേകടവ് പാലം പണിയുമായി ബന്ധപെട്ട് ഉണ്ടായിരുന്നത്. ഈ സംവിധാനം ഇന്ന് നിലവിലില്ലാത്തതാണ് റിവൈസ്ഡ് എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന തടസ്സമായി നിന്നത്. തുടര്‍ന്ന് എംഎല്‍എമാരായ സി കെ ആശ, ദലീമ ജോജോ, എംപിമാരായ അഡ്വ. എ എം ആരിഫ്, തോമസ് ചാഴികാടന് എന്നിവരുടെ അഭ്യര്‍ഥനപ്രകാരം ആറു മാസം മുമ്പ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുടെ ചേമ്പറില്‍ ജനപ്രതിനിധികളുടെയും പൊതുമരാമത്ത്, ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 42 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്. എന്നാല്‍ 39.9 കോടി രൂപയാണ് പാലം നിര്‍മാണം പുനരാരംഭിക്കാന്‍ ധനവകുപ്പ് അനുവദിച്ചത്. 2.1 കോടി രൂപ കൂടി ആവശ്യമായി വന്നതോടെ എസ്റ്റിമേറ്റ് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഇതിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.
കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് നേരേകടവ് – മാക്കേകടവ് പാലം. വേമ്പനാട്ട് കായലിനു കുറുകെ ഏറ്റവും നീളമേറിയ ഈ പാലത്തിന് ഏകദേശം ഒരു കിലോമീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്. പാലം യാഥാര്‍ഥ്യമാകുന്നതോടെ വൈക്കത്തുനിന്ന് കൊച്ചിയിലേക്കും എളുപ്പവഴിയാകും. നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സി കെ ആശ എംഎല്‍എ പറഞ്ഞു.
Be the first to comment