ധ്യാൻ ശ്രീനിവാസൻ ഓട്ടോറിക്ഷാ ഡ്രൈവറാകുന്നു. എ ആർ ബിനുരാജിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്നു. ഒഞ്ചിയത്താണ് ചിത്രീകരണം നടക്കുന്നത്. ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ബിസിനസ് പ്രമുഖൻ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നൽകി. സനു അശോകൻ്റെ അമ്മ രോഹിണി ആദ്യം ഭദ്രദീപം തെളിയിച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായി ഒരുങ്ങുന്ന ചിത്രം മലബാറിലെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങളും, ജീവിതവുമെല്ലാം കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. ബിടെക്ക് കഴിഞ്ഞിട്ടും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തനിക്ക് ഒരു ജോലി ലഭിക്കാതെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
ഫാമിലി എൻ്റർടെയിനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ധ്യാൻ ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രമായ നന്ദനെ അവതരിപ്പിക്കുന്നത്. മാളവിക മേനോനും ദിൽനയുമാണ് നായികമാർ. ധർമജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസൻ (മറിമായം ഫെയിം) വിജയകുമാർ,ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം), ദിനേശ് പണിക്കർ, നാരായണൻ നായർ, ദിലീപ് മേനോൻ, കിരൺ കുമാർ അംബികാ മോഹൻ സംവിധായകൻ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്.
Be the first to comment