രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം ഒരുക്കി കേരളം. ‘സി സ്പേസ്’ എന്ന സംസഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ് ഫോം മാര്‍ച്ച് 7 ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ വി ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്.
സി സ്പേസിലേക്ക് സമര്‍പ്പിക്കുന്ന ചിത്രങ്ങളുടെ ഉള്ളടക്കവും സാംസ്കാരിക മൂല്യവും അംഗങ്ങൾ വിലയിരുത്തും. ഇവർ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ മാത്രമേ പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകളും ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ ക്യൂറേറ്റ് ചെയ്യാതെ തന്നെ പ്രദര്‍ശിപ്പിക്കും.
സി സ്പേസിന്‍റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകള്‍ ക്യൂറേറ്റര്‍മാര്‍ തെരഞ്ഞെടുത്തതായി ഷാജി എന്‍ കരുണ്‍ പറഞ്ഞു. 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്‍ററികളും ഒരു ഹ്രസ്വചിത്രവുമണ് ഉൾപ്പെട്ടിരിക്കുന്നത്. നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ‘നിഷിദ്ധോ’, ‘ബി 32 മുതല്‍ 44 വരെ’ എന്നീ സിനിമകള്‍ സി സ്പേസ് വഴി പ്രീമിയര്‍ ചെയ്യും. ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്‍റെ പ്രധാന ആകർഷണം. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കിയാൽ മതി.
75 രൂപയ്ക്ക് ഒരു ഫീച്ചര്‍ ഫിലിം കാണാനും ഹ്രസ്വചിത്രങ്ങള്‍ കുറഞ്ഞ തുകയ്ക്ക് കാണാനും കഴിയും. ഈടാക്കുന്ന തുകയുടെ പകുതി തുക നിര്‍മ്മാതാവിന് ലഭിക്കും. മാര്‍ച്ച് ഏഴ് മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിര്‍മ്മാതാക്കള്‍ സിനിമകള്‍ ഒടിടി പ്ലാറ്റ് ഫോമുകളില്‍ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റര്‍ ഉടമസ്ഥര്‍ക്കും വിതരണക്കാര്‍ക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും ഇത് ഉള്‍ക്കൊണ്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കാനാണ് സി സ്പേസ് തീരുമാനിച്ചിട്ടുള്ളതെന്നും കെഎസ്എഫ് ഡിസി മാനേജിംഗ് ഡയറക്ടര്‍ കെ.വി അബ്ദുള്‍ മാലിക് പറഞ്ഞു.
Be the first to comment