പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനം ഇന്ന്

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനം ഇന്ന്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കശ്മീരിലെത്തുന്നത്. ഇന്ന് ഉച്ചയോടെ ശ്രീനഗറിൽ എത്തുന്ന മോദി വിവിധ പരിപാടികളിൽ പങ്കെടുക്കും. 6,400 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീനഗറിൽ പ്രഖ്യാപിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ.ഉച്ചയോടെ പ്രധാനമന്ത്രി ശ്രീനഗർ വിമാനത്താവളത്തിൽ ഇറങ്ങും.

അവിടെ നിന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ ബദാമി ബാഗ് കൻ്റോൺമെൻ്റിലേക്കും, ഇന്ത്യൻ ആർമിയുടെ 15 കോർപ്സ് ആസ്ഥാനത്തേക്കും പോകും. ബക്ഷി സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുക. കാർഷിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് 5000 കോടി ഉൾപ്പടെ വിവിധ പദ്ധതികൾ ശ്രീനഗറിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി സാമൂഹ്യ മാധ്യമമായ എക്‌സിൽ വ്യക്തമാക്കിയിരുന്നു. ഞാൻ നാളെ, അതായത് മാർച്ച് 7 ന് ‘വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കശ്മീർ’ പരിപാടിയിൽ പങ്കെടുക്കാൻ ശ്രീനഗറിലെത്തും. വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. കാർഷിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള 5000 കോടിയിലധികം രൂപയുടെ പദ്ധതിയാണ് അവയിൽ പ്രധാനം.

ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും രാജ്യത്തിന് സമർപ്പിക്കും,” നരേന്ദ്ര മോദി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ശ്രീനഗർ.  2019-ൽ ശ്രീനഗർ സന്ദർശിച്ച പ്രധാനമന്ത്രി ദാൽ തടാകത്തിൽ ബോട്ട് സവാരിയും നടത്തിയിരുന്നു. 2018-ലും 2019-ലും ശ്രീനഗറിൽ മോദിയുടെ പരിപാടികൾക്ക് വേദിയായത് ദാൽ തടാകത്തിൻ്റെ തീരത്തുള്ള ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ (എസ്‌കെഐസിസി) ആയിരുന്നു. ഇൻഡോർ സെന്ററിൽ കനത്ത സുരക്ഷയോടെയാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.

എന്നാൽ ഇത്തവണ ബക്ഷി ഓപ്പൺ സ്റ്റേഡിയത്തിലാണ് അദ്ദേഹം റാലി സംഘടിപ്പിക്കുക. 2018 മുതൽ സുരക്ഷാ കാരണങ്ങളാൽ ഈ സ്റ്റേഡിയം അടച്ചിട്ടിരിക്കുകയായിരുന്നു. 2023 ഓഗസ്റ്റിൽ സ്വാതന്ത്ര്യദിന പരേഡിനായാണ് വീണ്ടും തുറക്കുന്നത്.കൂടാതെ, ജമ്മു കശ്മീരിലെ 1,000 പുതിയ സർക്കാർ റിക്രൂട്ട്‌മെൻ്റുകൾക്ക് മോദി നിയമന ഉത്തരവുകൾ വിതരണം ചെയ്യും. കൂടാതെ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കും. ‘ഹോളിസ്റ്റിക് അഗ്രികൾച്ചർ ഡെവലപ്‌മെൻ്റ് പ്രോഗ്രാം’ (എച്ച്എഡിപി) പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും. ജമ്മു കശ്മീരിലെ ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ, കന്നുകാലി വളർത്തൽ എന്നീ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് പ്രധാന മേഖലകളിലെ പ്രവർത്തനങ്ങളുടെ മുഴുവൻ സ്പെക്ട്രവും ഉൾക്കൊള്ളുന്ന ഒരു സംയോജിത പ്രോഗ്രാമാണ് എച്ച്എഡിപി.

Be the first to comment

Leave a Reply

Your email address will not be published.


*