രാഹുല്‍ വയനാട്ടില്‍ തന്നെ, വേണുഗോപാല്‍ ആലപ്പുഴയില്‍, മുരളീധരന്‍ തൃശൂരില്‍; കോണ്‍ഗ്രസ് സ്ഥാനാർഥികളായി

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരില്‍ ടി എന്‍ പ്രതാപന് മാത്രം സീറ്റില്ല. പ്രതാപന് പകരം കെ മുരളീധരന്‍ മത്സരിക്കും. മുരളീധരന്റെ മണ്ഡലമായ വടകര നിലനിര്‍ത്താന്‍ എംഎല്‍എ ഷാഫി പറമ്പിലിനെയാണ് നിയോഗിച്ചിരിക്കുന്നത്. മറ്റ് 14 സിറ്റിങ് എംപിമാരും തങ്ങളുടെ മണ്ഡലത്തില്‍ നിന്നു തന്നെ ജനവിധി തേടും. കഴിഞ്ഞകുറി നഷ്ടമായ ആലപ്പുഴ തിരിച്ചുപിടിക്കാന്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വേണുഗോപാലിനെയാണ് രംഗത്തിറക്കുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ ജനവിധി തേടുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും.

രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസർഗോഡ്), എം കെ രാഘവന്‍ (കോഴിക്കോട്), വി കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂർ), ബെന്നി ബഹനാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), അടൂർ പ്രകാശ് (ആറ്റിങ്ങല്‍), ശശി തരൂർ(തിരുവനന്തപുരം) എന്നിവരാണ് മറ്റ് സ്ഥാനാർഥികള്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ യുഡിഎഫിന്റെ ചിത്രം പൂർണമായും തെളിഞ്ഞു. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ (ആർഎസ്‌പി), കോട്ടയത്ത് ഫ്രാന്‍സിസ് ജോർജ് (കേരള കോണ്‍ഗ്രസ്), മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), പൊന്നാനിയില്‍ അബ്ദുസമദ് സമദാനി എന്നിവരാണ് മത്സരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*