ആനമല – കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലം നിർമ്മാണത്തിന് തുടക്കമായി

ഏറ്റുമാനൂർ: അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെയും കാണക്കാരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആനമല – കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് പാലം നിർമ്മാണോദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവഹിച്ചു . 65 വർഷത്തിലധികം പഴക്കമുളള പാലം വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 3-ാം വാർഡിലൂടെയും, കാണക്കാരി ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിലൂടെയും കടന്ന് പോകുന്ന 6 മീറ്റർ വീതിയുള്ളതും, 75 വർഷത്തിലധികം പഴക്കമുള്ളതുമായ റോഡാണിത്. 2018 ലെ പ്രളയത്തിലാണ് കലുങ്ക് ദുർബലമായി അപകടാവസ്ഥയിലായത്. ജനപ്രതിനിധികൾക്കെല്ലാം ഇതു സംബന്ധിച്ചു നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ പാലത്തിന്റെ നിർമാണം ഏത് പഞ്ചായത്ത് നടത്തുമെന്ന തർക്കവും നിലനിന്നിരുന്നു. പ്രദേശവാസികളുടെ പ്രധാന ആവശ്യമായിരുന്ന പാലം നിർമ്മാണം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം സജി തടത്തിലിന് 2023- 2024 സാമ്പത്തിക വർഷം വാർഡ് വിഹിതമായി ലഭിച്ച തുകയിൽ നിന്നും 8 ലക്ഷം രൂപാ വകയിരുത്തിയാണ് കലുങ്ക് നിർമ്മാണം ഇപ്പോൾ നടത്തുന്നത്.
ഏറ്റുമാനൂർ ടൗണിലെ ഗതാഗത കുരുക്കിൽപെടാതെ ഭാരവണ്ടികൾ ഏറെയും ആശ്രയിക്കുന്ന റോഡാണിത്. കോട്ടയം മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി, എം ജി യൂണിവേഴ്സിറ്റി, തീർത്ഥാടന കേന്ദ്രങ്ങളായ അതിരമ്പുഴ പള്ളി, മാന്നാനം ആശ്രമം, കുടമാളൂർ പള്ളി, പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തേക്കും ഇത് വഴി എളുപ്പത്തിൽ എത്തുവാൻ സാധിക്കും. ദിനംപ്രതി നിരവധി സ്കൂൾ ബസുകളും, നൂറ് കണക്കിന് വാഹനങ്ങളും ഇത് വഴി കടന്ന് പോകുന്നുണ്ട്. ചെത്തിതോട് പാലം നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം സജി തടത്തിൽ പറഞ്ഞു.
വാർഡ് വികസന സമിതി കൺവീനർ ഫിലോമിന വിലങ്ങിയിൽ അധ്യക്ഷത വഹിച്ചു. ജോസ് പുതിയാപറമ്പിൽ, രാജു നെല്ലിപ്പള്ളിൽ, ജോർജ് വി. പോൾ വടക്കേടം, തങ്കച്ചൻ കൂർക്കകാലായിൽ, സിബി തടത്തിൽ, ഷാജി കുഴിമ്യാലിൽ, ബേബി വലിയ തടത്തിൽ കളരിക്കൽ, ജോയി തോട്ടനാനി, തങ്കച്ചൻ കുന്നത്തേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*