മട്ടാഞ്ചേരി: കൊച്ചിയുടെ പുതിയ തീരത്തിന്റെ ഭംഗി ആവോളം ആസ്വദിക്കാനായി സഞ്ചാരികൾ എത്തുമ്പോഴും തീരത്ത് സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. അനുദിനം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഫോർട്ട് കൊച്ചി കടപ്പുറം സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സഞ്ചാരികൾക്ക് പ്രതീക്ഷയേകിയ പുതിയ തീരത്ത് കുളിക്കാനിറങ്ങുന്ന കുട്ടികൾ ഉൾപ്പെടെ ആഴമറിയാതെ അപകടത്തിൽപ്പെടുന്ന സാഹചര്യമാണ്.
ഫോർട്ട് കൊച്ചിയിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ പുതിയതായി രൂപപ്പെട്ട ബീച്ച് റോഡ് ബീച്ചാണ് അപകട മുനമ്പായി മാറുന്നത്. വെള്ളിയാഴ്ച ഇവിടെ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി തിരയിൽപ്പെട്ട് മുങ്ങി മരിച്ചിരുന്നു. ഞായറാഴ്ചയും കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ അപകടത്തിൽപ്പെട്ടു. മത്സ്യതൊഴിലാളികൾ കണ്ടത് കൊണ്ട് കുട്ടികൾ രക്ഷപ്പെടുകയായിരുന്നു.
ധാരാളം ആളുകൾ കുളിക്കാനും വിനോദത്തിനുമായി എത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യമാണ്. ഇവിടെ ലൈഫ് ഗാർഡുകൾ ഇല്ല. ഫോർട്ട് കൊച്ചി കടപ്പുറത്ത് ലൈഫ് ഗാർഡുകളുടെ സാന്നിധ്യമുണ്ടെങ്കിലും അധികം ദൂരെയല്ലാത്ത ബീച്ച് റോഡിൽ ബീച്ചിൽ ലൈഫ് ഗാർഡിന്റെ സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമാണ്. നല്ല നസ്റായൻ കൂട്ടായ്മ സ്ഥാപിച്ച ലൈഫ് ബോയ മാത്രമാണ് ഇവിടെയുള്ള ഏക സുരക്ഷാ സംവിധാനം.
മൂന്നര വർഷം മുമ്പാണ് ഇങ്ങനെയൊരു തീരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവിടെ വ്യായാമത്തിനും വിശ്രമത്തിനും നാട്ടുകാർ എത്തിത്തുടങ്ങി. കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി കയാക്കിങ് പരിശീലനം ഇവിടെ സംഘടിപ്പിച്ചതോടെയാണ് ഇങ്ങനെയൊരു മനോഹര തീരം പുറം ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് വിദേശികളും അഭ്യന്തര സഞ്ചാരികളും ഇവിടേക്ക് എത്താൻ തുടങ്ങി. രാവിലെ നീന്താനും ആളുകൾ ഇവിടെ എത്തുന്നുണ്ട്.
ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി ഇതിനെ മാറ്റാൻ കഴിയും. എല്ലാ ഞായറാഴ്ചയും ഇവിടെ കയാക്കിങ് പരിശീലനവും സംഘടിപ്പിച്ച് വരുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ലൈഫ് ഗാർഡുകളെ നിയമിക്കുകയും ചെയ്താൽ ഈ മനോഹര തീരത്തെ അപകടങ്ങൾ ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
Be the first to comment