തിരുവനന്തപുരം: കേരള ഹൗസിലെ എൻജിഒ യൂണിയൻ നേതാവും ഫ്രണ്ട് ഓഫീസ് മാനേജറുമായ കെ എം പ്രകാശന് ഇരട്ട സ്ഥാനകയറ്റം നൽകി കണ്‍ട്രോളറായി നിയമിച്ച് ഉത്തരവിറക്കി. പ്രകാശന് വേണ്ടിയുള്ള ചട്ടവിരുദ്ധ സ്ഥാന കയറ്റത്തിനുള്ള ശ്രമം വിവാദമായിട്ടും മുഖ്യമന്ത്രി തന്നെ ഒടുവിൽ ഉത്തരവിറക്കുകയായിരുന്നു. നാളെ ഹൈക്കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് തിടുക്കത്തിലുള്ള ഉത്തരവ്.
മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സ്ഥാനകയറ്റത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും അതൊന്നും പരിഗണിക്കാതെയാണ് സർക്കാർ തീരുമാനം. കേരള ഹൗസിലെ ജീവനക്കാർക്ക് സ്ഥാന കയറ്റത്തിന് തസ്തികകള്‍ വേണമെന്ന ജീവനക്കാരുടെ നിവേദനത്തിൽ നിന്നാണ് ചട്ടവിരുദ്ധ സ്ഥാനകയറ്റത്തിനുള്ള നീക്കം തുടങ്ങിയത്. കേരള ഹൗസിലെ കണ്‍ട്രോളർ തസ്തിക വഹിക്കുന്നത് അഡീഷണൽ സെക്രട്ടറിയും ഐഎഎസുകാരുമായിരുന്നു. ഈ തസ്തികയിലേക്ക് ഫ്രണ്ട് ഓഫ് മാനേജർ തസ്തിയിലുള്ളവരെയും പരിഗണിക്കമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്.
സ്ഥാനകയറ്റം നിർണയിച്ച് ഉത്തരവിറക്കിയതിന് പിന്നാലെ കണ്‍ട്രോളർ തസ്തികയിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രകാശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ മാസം 30ന് വിരമിക്കുന്ന പ്രകാശന് വേഗത്തിൽ നിയമനം നൽകാൻ മുഖ്യമന്ത്രി ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് പൊതുഭരണ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ചട്ടവിരുദ്ധ നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തി കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി പ്രകാശിനെ കണ്‍ട്രോളറാക്കിയുള്ള ഉത്തരവിൽ ഒപ്പിട്ടത്. ഹൈക്കോടതി വിധി അനുസരിച്ചായിരിക്കും തുടർന്നുള്ള നടപടികളെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Be the first to comment