വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്

CG Athirampuzha

വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്. വൃക്ക രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെയും ആവൃത്തിയും ആഘാതവും കുറയ്ക്കുക എന്ന ലക്ഷ്യത്തിനാണ് ലോകവൃക്കദിനം പ്രാധാന്യം നല്‍കുന്നത്. ഫലപ്രദമായ രോഗലക്ഷണ നിര്‍വഹണത്തെക്കുറിച്ചും രോഗിശാക്തീകരണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവല്‍കരണ പരിപാടികളാണ് ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ശരീരത്തിൻ്റെ സംതുലനാവസ്ഥ നിലനിർത്തുന്നതിൽ വൃക്കകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും രക്തം ശുദ്ധീകരിക്കുന്നതും ശരീരത്തിലെ ജലാംശം, രക്തസമ്മര്‍ദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകള്‍ക്ക് പങ്കുണ്ട്.

വൃക്കരോഗങ്ങള്‍ നിശബ്ദ കൊലയാളികളാണ്, ഇത് നമ്മുടെ ആരോഗ്യനിലവാരത്തെ വലിയ തോതില്‍ ബാധിക്കുമെന്നതിനാൽ വൃക്കരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഏതാനും കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുക എന്നത്. കൂടാതെ, പുകവലി ഉപേക്ഷിച്ചും, മിതമായ വ്യായാമം ചെയ്തും, ആഹാര രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയും,ആരോഗ്യകരമായ ജീവിതചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാവും. ചില ഹൈ റിസ്‌ക് ഘടകങ്ങളായ അമിതവണ്ണം, രക്താതിസമ്മര്‍ദ്ദം എന്നിവ ഉള്ളവരും കുടുംബത്തില്‍ വൃക്കരോഗികള്‍ ഉള്ളവരും ഇടയ്ക്കിടെ വൃക്കയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുന്നത് അത്യുത്തമം ആയിരിക്കും…!

Be the first to comment

Leave a Reply

Your email address will not be published.


*