മുന്‍നിര ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വിഡിയയുടെ വാര്‍ഷിക ഡെവലപ്പര്‍ സമ്മേളനമായ ജിടിസി 2024 ന് തിങ്കളാഴ്ച തുടക്കമായി. കാലിഫോര്‍ണിയയിലെ സാന്‍ജോസിലാണ് പരിപാടി നടക്കുന്നത്. ഉദ്ഘാടന ദിനം തന്നെ സുപ്രധാനമായ വിവിധ പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയത്. എന്‍വിഡിയയുടെ പുതിയ ബി200 എഐ ചിപ്പും കമ്പനി അവതരിപ്പിച്ചു. എന്‍വിഡിയയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് എഐ മോഡലുകള്‍ എളുപ്പം വില്‍ക്കാന്‍ ഡെവലപ്പര്‍മാരെ സഹായിക്കുന്ന ഒരുകൂട്ടം സോഫ്റ്റ് വെയര്‍ ടൂളുകളും കമ്പനി അവതരിപ്പിച്ചു.
എഐ ചിപ്പ് വിപണിയില്‍ കമ്പനിയുടെ 80 ശതമാനം വിപണി വിഹിതം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളാണ് എന്‍വിഡിയ ആസൂത്രണം ചെയ്യുന്നത്. ബ്ലാക്ക് വെല്‍ എന്ന പേരില്‍ പുതിയ തലമുറയില്‍ പെട്ട ചിപ്പുകള്‍ എന്‍വിഡിയ അവതരിപ്പിച്ചു. പ്രൊസസിങ് വേഗത വളരെ മെച്ചപ്പെടുത്തിയാണ് പുതിയ ചിപ്പ് രൂപകല്‍പനചെയ്തത്. 20800 കോടി ട്രാന്‍സിസ്റ്ററുകളാണ് ഇതിലുള്ളത്. താമസിയാതെ തന്നെ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഒറാക്കിള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രധാന ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍മാരുടെ ഉല്പന്നങ്ങളില്‍ ബ്ലാക്ക് വെല്‍ ചിപ്പുകള്‍ ഉപയോഗിക്കും.
ബ്ലാക്ക് വെല്‍ തലമുറയിലെ ആദ്യ ചിപ്പ് ആണ് ബി200. ഈ വര്‍ഷം അവസാനത്തോടെ ചിപ്പ് പുറത്തിറക്കും. ഉപഭോക്താക്കളെ പുതിയ ചിപ്പിലേക്ക് മാറാന്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം നിലവില്‍ ഉപയോഗത്തിലുള്ള ഹോപ്പര്‍ വിഭാഗത്തില്‍ പെട്ട എച്ച്100 പോലുള്ള ചിപ്പുകള്‍ തന്നെ വാങ്ങാന്‍ കമ്പനികള്‍ പലരുംപ്രയാസപ്പെടുകയാണ്. ഹോപ്പര്‍ മികച്ചത് തന്നെയാണ് എന്നാല്‍ നമുക്ക് അതിനേക്കാള്‍ വലുത് വേണം എന്‍വിഡിയ സിഇഒ ജെന്‍സെന്‍ ഹുവാങ് പറഞ്ഞു.
എഐ ഡാറ്റാ പ്രൊസസിങ് കഴിവുകളും, മറ്റ് ചിപ്പുകളുമായി മെച്ചപ്പെട്ട കണക്ടിവിറ്റിയും ഉറപ്പാക്കാന്‍ ബ്ലാക്ക് വെല്‍ ചിപ്പുകള്‍ക്ക് സാധിക്കും. പുതിയ ചിപ്പ് ഉപയോഗിച്ച് കമ്പനിയുടെ എച്ച്ജിഎക്‌സ് സെര്‍വര്‍ മെഷീനുകള്‍ അപ്ഡേറ്റ് ചെയ്യാനും എന്‍വിഡിയ പദ്ധതിയിടുന്നു.
Be the first to comment