കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

തമിഴ്‌നാട്ടുകാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. 48 മണിക്കൂറിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. നടപടി സ്വീകരിക്കുന്നതോടെ, 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുക്കുന്ന ആദ്യ സംഭവമായി ഇത് മാറും.

ഡിഎംകെ സംഘടന സെക്രട്ടറി ആര്‍ എസ് ഭാരതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ബെംഗളൂരു സ്‌ഫോടനത്തിന് പിന്നില്‍ എന്നുള്ള പരാമര്‍ശത്തിന് എതിരെയാണ് ഡിഎംകെ പരാതി നല്‍കിയത്.

കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രചാരണത്തിന് എതിരെ തമിഴ്‌നാട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഡിഎംകെ നല്‍കിയ പരാതിയില്‍ മധുര സിറ്റി പോലീസ് ആണ് കേസെടുത്തത്. മലയാളികള്‍ക്ക് എതിരെയും ശോഭ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. ”തമിഴ്‌നാട്ടില്‍ നിന്നുവരുന്ന ആളുകള്‍ ഇവിടെ (ബെംഗളൂരുവില്‍) ബോംബ് വയ്ക്കുന്നു. ഡല്‍ഹിയില്‍ നിന്നുള്ളവര്‍ പാകിസ്താന്‍ സിന്ദാബാദ് വിളിക്കുന്നു. കേരളത്തില്‍ നിന്നു വരുന്നവര്‍ ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നു” എന്നായിരുന്നു ശോഭ കരന്തലജെ കര്‍ണാടകയില്‍ നടത്തിയ പ്രസംഗം.

Be the first to comment

Leave a Reply

Your email address will not be published.


*