തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനത്തിനും കേസ്. മകന്റെ ഭാര്യയുടെ പരാതിയില്‍ 2022 ലാണ് കേസെടുത്തത്. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം നടന്നത്. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങികൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരില്‍ എഴുതികൊടുത്ത് ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
2022 സെപ്തംബര്‍ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ ‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്ത് അടിച്ച് തറയില്‍ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്.
Be the first to comment