തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായി ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു. ആർടിഎ ഓഫീസിൽ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. നടപടി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പുതിയ ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. അതേസമയം, ലൈസൻസിനായി അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്നാണ് അപേക്ഷകർ പറയുന്നത്.
അതിനിടെ മാസങ്ങളായി മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്, ലൈസൻസ് വിതരണം അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. ആര്‍സി ബുക്ക്, ലൈസൻസ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്റിംഗ് നിര്‍ത്തിവച്ചതാണ് വിതരണം മുടങ്ങാൻ കാരണമായത്. ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. വിതരണത്തിനായി ഇതുവരെ 25,000 രേഖകൾ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം.
കോടിക്കണക്കിന് രൂപയുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ ആര്‍സി ബുക്ക്, ലൈസൻസ് അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് ഒമ്പത് കോടി നൽകാൻ ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയതോടെയാണ് പ്രശ്നപരിഹാരമായത്. മൂന്ന് ലക്ഷം രേഖകൾ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ചാലുടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ പറഞ്ഞിട്ടുണ്ട്. രേഖകള്‍ ആര്‍ടിഒ ഓഫീസുകളിൽ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
Be the first to comment