ട്രെയിൻ യാത്രകൾക്കായി ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് വയ്ക്കുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ടിക്കറ്റൊക്കെ എടുത്ത് കഴിഞ്ഞ് യാത്ര പോവാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ പല കാരണങ്ങൾ കൊണ്ട് യാത്ര മാറ്റി വയ്ക്കേണ്ടി വരുന്ന സാഹചര്യവും നമുക്ക് ഉണ്ടായിട്ടുണ്ടാവും. ഇങ്ങനെയുള്ള സാഹര്യങ്ങളിൽ ടിക്കറ്റെടുത്ത കാശ് പോവുമെന്നതു മാത്രമല്ല നമ്മുടെ കൂട്ടത്തിൽ തന്നെ ടിക്കറ്റ് കിട്ടാത്ത വ്യക്തിക്ക് ആ അവസരം നഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം. അതിനുള്ള അവസരം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് ആ ദിവസം യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് അതേ ടിക്കറ്റിൽ പകരക്കാരായി യാത്ര ചെയ്യാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ദീർഘദൂര തീവണ്ടികളാണെങ്കിൽ തീവണ്ടി പുറപ്പെടുന്ന തീയതി പ്രത്യേകം ശ്രദ്ധിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. ടിക്കറ്റിന്റെ പ്രിന്റ്ഔട്ട് എടുത്ത ശേഷം റിസർവേഷൻ കൗണ്ടർ സന്ദർശിക്കാം. ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാറോ, ഐഡി പ്രൂഫോ കൈവശം വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിക്കാം.
നിങ്ങളുടെ പക്കലുള്ള ടിക്കറ്റ് കുടുംബാംഗങ്ങളായ ഭാര്യ, അമ്മ, പിതാവ്, മക്കൾ, സഹോദരി, സഹോദരൻ എന്നിവരിൽ ഒരാൾക്ക് മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. ഒരാൾക്ക് ഒരു തവണ മാത്രമാണ് ടിക്കറ്റ് കൈമാറ്റം ചെയ്യാൻ സാധിക്കുന്നത്.
Be the first to comment