രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം

മലപ്പുറം: കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

കുഞ്ഞിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. കുഞ്ഞിന്റെ തലയ്ക്ക് മുമ്പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തശ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദ്ദനമേറ്റത് മരണത്തിന് കാരണമായി. മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ വാരിയെല്ലുകളും പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫായിസിനെതിരെയുംപോലീസിനെതിരെയും ആരോപണവുമായി കുഞ്ഞിന്റെ അമ്മ ഷഹാനത്തിന്റെ സഹോദരി രംഗത്തെത്തിയിരുന്നു. മരിച്ച കുട്ടിയുടെ അമ്മ ഷഹാനത്തിനെയും ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരി റെയ്ഹാനത്ത് ആരോപിച്ചു.

ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്നും റെയ്ഹാനത്ത് പറയുന്നു. പരാതി പറയാന്‍ പോയപ്പോള്‍ സ്റ്റേഷനില്‍ നിന്നും ആട്ടിയിറക്കുകയാണ് ചെയ്തത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് പോലീസ് സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു. അന്ന് പോലീസ് നടപടിയെടുത്തിരുന്നെങ്കില്‍ കുട്ടിയെ നഷ്ടപ്പെടില്ലായിരുന്നുവെന്നും റെയ്ഹാനത്ത് പറഞ്ഞു. കുഞ്ഞിനെ പിതാവ് നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഫായിസിന്റെ ബന്ധുക്കളായ അയല്‍വാസികളും പറയുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചത്.

കുഞ്ഞിനെ വീടിന് പുറത്തുപോലും വിട്ടിരുന്നില്ല. കുഞ്ഞിന്റെ ബോധം മറയും വരെ മര്‍ദ്ദിച്ചിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. നാട്ടുകാരാണ് ആശുപത്രിയിലെത്തിക്കാന്‍ വാഹനം വിളിച്ചത്. ലഹരിയുടെ പുറത്താകാം ഇത്തരം ക്രൂരതകള്‍ ഫായിസ് ചെയ്തതെന്നും അയല്‍വാസികള്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*