പെരിന്തൽമണ്ണ: തട്ടിപ്പുകാർക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ വിറ്റ മൂന്ന് യുവാക്കൾ അറസ്റ്റിൽ. സാമൂഹികമാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാൽ വൻതുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിൽ ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് വള്ളുവങ്ങാട് വെട്ടിക്കാട്ടിരി പൈക്കാടൻ അബ്ദുൾഷമീർ (33), പോരൂർ കരുവാറ്റക്കുന്ന് മാഞ്ചീരികരക്കൽ മുഹമ്മദ് ഫസീഹ് (18), ചാത്തങ്ങോട്ടുപുറം മലക്കൽവീട്ടിൽ റിബിൻ (18) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന അങ്ങാടിപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് പരാതി നൽകിയത്തട്ടിപ്പുകാർക്ക് യുവാക്കൾ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തി. യുവാക്കളുടെ പേരിലെടുക്കുന്ന അക്കൗണ്ടുമായി ബന്ധപ്പെട്ട സിം കാർഡ്, എടിഎം കാർഡ് തുടങ്ങിയവ തട്ടിപ്പുസംഘം വാങ്ങിയെടുത്ത് ഇടപാടുകൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അയ്യായിരം മുതൽ പതിനായിരം വരെയായിരുന്നു യുവാക്കൾക്ക് ഇതിനുകിട്ടിയ പ്രതിഫലം.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ ആളുകൾ തട്ടിപ്പിനിരയായതായി വ്യക്തമായെന്നും സംഭവത്തിലെ മുഖ്യപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഇൻസ്പെക്ടർ എൻഎസ് രാജീവ് അറിയിച്ചു. എസ്ഐമാരായ ഷിജോ സി തങ്കച്ചൻ, ബാബു, സിപിഒമാരായ സൽമാൻ, ഫസീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Be the first to comment