ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള നി‍ർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. നിലവിൽ എസ്പി ഗ്രൂപ്പിൻ്റെ കൈവശമുള്ള 56 ശതമാനം ഓഹരികളും ഒറീസ സ്റ്റീവ്ഡോർസ് ലിമിറ്റഡിൻ്റെ (OSL) 39 ശതമാനം ഓഹരികളും വാങ്ങാനുള്ള കരാർ അദാനി ഗ്രൂപ്പ് ഒപ്പുവെച്ചു. ഗോപാൽപൂർ പോർട്ട് ലിമിറ്റഡിൽ (GPL) എൻറർപ്രൈസ് മൂല്യമായ 3,080 കോടി രൂപയിലാണ് ഏറ്റെടുക്കൽ നടക്കുന്നത്. 

ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോപാൽപൂർ തുറമുഖത്തിന് വർഷം 20 മില്യൻ മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. മൾട്ടി-കാർഗോ തുറമുഖം എന്ന നിലയിൽ, ഇരുമ്പയിര്, കൽക്കരി, ചുണ്ണാമ്പുകല്ല്, ഇൽമനൈറ്റ് എന്നിവയുൾപ്പെടെയുള്ള ഡ്രൈ ബൾക്ക് കാർഗോയുടെ വൈവിധ്യമാർന്ന മിശ്രിതമാണ് ഗോപാൽപൂരിൽ കൈകാര്യം ചെയ്യുന്നത്. ഇരുമ്പ്, ഉരുക്ക്, അലുമിനിയം തുടങ്ങിയ ധാതു അധിഷ്ഠിത വ്യവസായങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന തുറമുഖം കൂടിയാണിത്. 

തുറമുഖ വികസനത്തിനായി 500 ഏക്കറിലധികം ഭൂമി ഗോപാൽപൂർ പോർട്ട് ലിമിറ്റഡ് പാട്ടത്തിന് എടുത്തിട്ടുള്ളതിനാൽ വിപണിയിലെ ആവശ്യാനുസരണം തുറമുഖത്തിൽ അദാനി ഗ്രൂപ്പിന് മാറ്റം വരുത്താനും സാധിക്കും. ഗോപാൽപൂർ തുറമുഖം ഏറ്റെടുക്കുന്നതിലൂടെ കൂടുതൽ മികച്ച സേവനം ലഭ്യമാക്കാനാവുമെന്നാണ് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ  കരൺ അദാനി പ്രതികരിച്ചത്. 

Be the first to comment

Leave a Reply

Your email address will not be published.


*