ശരീരത്തില്‍ കാല്‍സ്യത്തിൻ്റെ അളവ് കുറഞ്ഞാല്‍ സംഭവിക്കുന്നതെന്ത്?

എല്ലുകളുടെ ആരോഗ്യം, പേശികളുട  പ്രവര്‍ത്തനം, നാഡീ സംക്രമണം, രക്തം കട്ടപിടിക്കുക തുടങ്ങി വിവിധ ശാരീരിക പ്രക്രിയകളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ധാതുവാണ് കാല്‍സ്യം. ശരീരത്തിലെ കാല്‍സ്യത്തിൻ്റെ അളവ് നിശ്ചിത പരിധിക്കു താഴെയാകുമ്പോള്‍ പലതരം രോഗലക്ഷണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. കാല്‍സ്യത്തിൻ്റെ അളവ് ശരീരത്തില്‍ കുറയുന്നതിനെ ഹൈപ്പോകാല്‍സീമിയ എന്നാണ് പറയുന്നത്.

എല്ലുകളിലും പല്ലുകളിലുമാണ് കാല്‍സ്യം സംഭരിച്ചിരിക്കുന്നത്. ഇത് ഘടനാപരമായ സപ്പോര്‍ട്ടും ശക്തിയും നല്‍കുന്നു. ശരീരത്തില്‍ നടക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍സ്യം കൂടിയേ തീരൂ.

  • ബോണ്‍ ഡെന്‍സിറ്റി നിലനിര്‍ത്തുന്നതിനും ഒസ്റ്റിയോപൊറോസിസ്, ഒസ്റ്റിയോപീനിയ എന്നിവ പ്രതിരോധിക്കുന്നതിനും കാല്‍സ്യം കൂടിയേതീരൂ.
  • പേശികളുടെ സങ്കോചത്തിനും വികാസത്തിനും കാല്‍സ്യം ആവശ്യമാണ്. ഹൃദയ പേശികളുടെ സങ്കോചം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ ആവശ്യത്തിനുള്ള കാല്‍സ്യം ശരീരത്തിലുണ്ടായിരിക്കണം.
  • ശരീരത്തിലുടനീളം നാഡീപ്രേരണകള്‍ കൈമാറുന്നതിന് ആവശ്യത്തിന് കാല്‍സ്യം ഉണ്ടായിരിക്കണം. ന്യൂറോട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കാനും നാഡീകോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും കാല്‍സ്യം കൂടിയേതീരൂ.
  • രക്തം കട്ടപിടിക്കുന്നതിലേക്ക് നയിക്കുന്ന ബയോകെമിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാല്‍സ്യം ആവശ്യമാണ്. കാല്‍സ്യത്തിൻ്റെ അഭാവം രക്തം കട്ടപിടിക്കാത്ത അവസ്ഥയ്ക്ക് കാരണമാകുകയും ശരീരത്തില്‍നിന്ന് രക്തനഷ്ടത്തിലേക്കു നയിക്കുകയും ചെയ്യും.
  • ഹൈപ്പോകാല്‍സീമിയയുടെ ലക്ഷണങ്ങള്‍- മാംസപേശികള്‍ക്ക് വേദന, ആശയക്കുഴപ്പം, ക്ഷീണം, ബോണ്‍ ഡെന്‍സിറ്റി നഷ്ടമാകുക തുടങ്ങിയവയാണ് ഹൈപ്പോകാല്‍സീമിയയുടേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍.

വൈജ്ഞാനിക പ്രവര്‍ത്തനത്തെയും മാനസികവ്യക്തതയെയും കാല്‍സ്യം അളവ് ബാധിക്കും. തലച്ചോറിലേക്കുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ റിലീസില്‍ കാല്‍സ്യം പ്രധാനപങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാല്‍സ്യത്തിൻ്റെ അഭാവം ഓര്‍മക്കുറവിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു, ബലമില്ലായ്മ, ക്ഷീണം തുടങ്ങിയ അവസ്ഥകള്‍ക്കും കാരണമാകുന്നു. മാംസപേശികള്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് കാല്‍സ്യം ഉണ്ടായിരിക്കണം. ഇതിൻ്റെ അഭാവം ശരീരത്തിന് ബലമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*