‘ആടുജീവിതം’: തിയേറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരെ പരാതി നല്‍കി ആലീസ് ക്രിസ്റ്റി

ചെങ്ങന്നൂർ: ചിത്രം തിയേറ്ററില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെതിരെ പരാതി നല്‍കി. സീരിയല്‍ നടിയും യുട്യൂബറുമായ ആലീസ് ക്രിസ്റ്റിയാണ് ചെങ്ങന്നൂരിലെ തിയേറ്ററിലിരുന്ന് ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്നും തിയേറ്ററുമായി ബന്ധപ്പെട്ട ആളുകളാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും തന്‌റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ആലീസ് ക്രിസ്റ്റി പറയുന്നു. കാരണം അത്രത്തോളം സീരിയസായി താന്‍ കാര്യം അവതരിപ്പിച്ചിട്ടും തിയേറ്ററുമായി ബന്ധപ്പെട്ട ആളുകളാരും അയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യാന്‍ വന്നില്ല. സിനിമ കഴിഞ്ഞ് ഇറങ്ങിയശേഷം തിയേറ്ററുമായി ബന്ധപ്പെട്ട ആളോട് സംസാരിച്ചപ്പോഴും ഭാവവ്യത്യാസം ഉണ്ടായില്ലെന്നും പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് നല്‍കിയതെന്നും ആലീസ് ക്രിസ്റ്റി വീഡിയോയില്‍ പറയുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്ത ആളുടെ വണ്ടി നമ്പര്‍ അടക്കമാണ് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഓരോ സിനിമയും പ്രത്യേകിച്ച് ആടുജീവിതം എത്രത്തോളം ബുദ്ധിമുട്ടി എടുത്ത സിനിമയാണെന്ന് നമുക്ക് എല്ലാം അറിയാവുന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ ആദ്യ ദിവസം തന്നെ ഒരാൾ തിയേറ്ററിൽ വന്നിരുന്ന് സിനിമ മുഴുവനായി ഫോണിൽ റെക്കോർഡ് ചെയ്താൽ പിന്നീട് അത് ഇൻർനെറ്റിൽ അപ്ലോഡ് ചെയ്താൽ അത് പിന്നെ സിനിമ സാരമായി ബാധിക്കും.

മലയാള സിനിമയില്‍ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തിയത്.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*