കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നതാണ് ചിലർക്ക് ക്ഷമ നഷ്ടപ്പെടാൻ കാരണമെന്നും, പ്രതിപക്ഷം അഴിമതിക്കാരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. മീററ്റില്‍ നടന്ന ബിജെപി റാലിയിലായിരുന്നു പ്രതിപക്ഷ ആക്ഷേപങ്ങളെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്.
ഈ തിരഞ്ഞെടുപ്പ് അഴിമതിക്കെതിരെ പൊരുതുന്നവരും, അഴിമതിക്കാരെ സംരക്ഷിക്കുന്നവരും തമ്മിലാണെന്നും. അഴിമതിക്കാരെ രക്ഷിക്കണമെന്ന് വാദിക്കുന്നവരാണ് ഇന്ത്യ സഖ്യമുണ്ടാക്കിയതെന്നും മോദി പരിഹസിച്ചു. “സഖ്യം രൂപീകരിച്ചാല്‍ മോദിയെ ഭയപ്പെടുത്തുമെന്നാണ് അവർ കരുതിയത്.” എന്നാൽ ഈ രാജ്യം തന്റെ കുടുംബമാണെന്നും, താൻ അഴിമതിക്കാർക്കെതിരെയാണ് പോരാടുന്നതെന്നും മോദി പറഞ്ഞു.
ഈ പോരാട്ടത്തിന്റെ ഭാഗമായാണ് ചിലര്‍ ജയിലിലടയ്ക്കപ്പെടുന്നതെന്നും, അവർക്ക് സുപ്രീംകോടതിയിൽ നിന്നുപോലും ജാമ്യം ലാഭികാത്തിരിക്കുന്നതെന്നും മോദി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റു ചെയ്തതിനെതിരെ ഇന്ത്യ സഖ്യം ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുമ്പോഴാണ് മറുപടിയുമായി മോദി രംഗത്തെത്തുന്നത്.
മറ്റൊരു പ്രധാനപ്പെട്ട ആരോപണം കോൺഗ്രസ് ഭാരത് രത്ന ലഭിച്ച ചൗധരി ചരൺ സിങിനെ അപഹസിച്ചു എന്നതാണ്. ഇൻഡി സഖ്യം പാർലമെന്റിനകത്ത് എന്താണ് ചെയ്തതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണെന്നും മോദി പറഞ്ഞു. ജയന്ത് ചൗധരി ഭാരത് രത്നയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ പാർലമെന്റിൽ എഴുന്നേറ്റ് നിന്നപ്പോൾ അതിനു തടസമുണ്ടാക്കിയവരാണ് കോൺഗ്രസും സമാജ്വാദി പാർട്ടിയും എന്നാണ് മോദി കുറ്റപ്പെടുത്തിയത്. ഇതിന് കോൺഗ്രസും എസ്പിയും കർഷകരുടെ വീടുകൾ കയറി ക്ഷമ ചോദിക്കണമെന്നും മോദി പറഞ്ഞു. യുപിയിൽ ചൗധരി ചരൺ സിങിനെ കുറിച്ച് സംസാരിക്കുന്നത് ബിജെപിക്ക് ഗുണകരമാകുമെന്ന വിലയിരുത്തൽ ഭാരത് രത്ന പ്രഖ്യാപിച്ചപ്പോൾ തന്നെ ഉണ്ടായിരുന്നു.
യുപിയിലെ മീററ്റിൽ നടന്ന റാലിയിലൂടെ മോദി 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. 2019ലും 2014ലും മോദി മീററ്റിൽ നിന്ന് തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അത് ഓർമ്മപ്പടുത്തിക്കൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.
Be the first to comment